സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

Posted on: December 22, 2016 9:53 pm | Last updated: December 22, 2016 at 9:53 pm

ദോഹ: വിവിധ തന്ത്രങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പു നടത്തുന്ന സൈബര്‍ കൗശലങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ലോട്ടറി ലഭിച്ചിട്ടുണ്ടെന്ന സന്ദേശം വാട്‌സ് ആപ്പ്, വൈബര്‍ പോലുള്ള മൊബൈല്‍ ആപ്പുകള്‍ വഴി അയച്ച് കബളിപ്പിച്ച് പണം തട്ടുന്ന പ്രവര്‍ത്തനം വിവിധ രീതിയില്‍ ആവര്‍ത്തിക്കുകയാണെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തിയ അറിയിപ്പില്‍ പറയുന്നു. ഇ മെയിലുകള്‍ അയച്ചും തട്ടിപ്പു നടത്തുന്നുണ്ട്.

മികച്ച ജോലി വാഗ്ദാനം ചെയ്തും ചിലപ്പോള്‍ പ്രയാസത്തില്‍ അകപ്പെട്ടുവന്ന കഥകള്‍ അറിയിച്ച് സഹായം തേടിയുമാണ് മെസേജുകളോ മെയിലുകളോ വരുക. പലപ്പോഴും ഇത്തരം മെയിലുകള്‍ പരിചയമുള്ള ആളുകളുടെ പേരുകളിലാണ് വരുക. ഇ മെയില്‍ ഹാക്ക് ചെയ്താണ് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത്.

മറ്റൊരു വിദേശ രാജ്യത്തേക്ക് പണം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരിക്കും സന്ദേശങ്ങള്‍. വിശ്വസനീയമെന്നു തോന്നിക്കുന്ന ഇത്തരം വലകളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് ഭീമന്‍ തുകയാ#ാണ് നഷ്ടപ്പെടുക.
ലോട്ടറിയടിച്ചതായി അറിയിച്ചു വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ചാല്‍ വിശ്വസിപ്പിക്കുന്ന രീതിയിലുള്ള ആശയവിനിമയങ്ങള്‍ക്കൊടുവില്‍ സമ്മാനത്തുക കൈമാറുന്നതിനാവശ്യമായ ഫീ ഇനത്തില്‍ കുറച്ചു തുക അടയ്ക്കാന്‍ ആവശ്യപ്പെടും. ഇങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് തുക ഈടാക്കി തട്ടപ്പു നടത്തുകയാണ് സംഘങ്ങളുടെ രീതി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചവരും തട്ടിപ്പിന് ഇരകളായവരുമായ ആളുകളില്‍നിന്ന് ആഭ്യന്തര മന്ത്രാലയം അഭിപ്രായം ആരാഞ്ഞു. ഇത്തരം തട്ടിപ്പുകളെ ചെറുക്കുന്നതിലും രക്ഷപ്പെടുന്നതിനും സ്വീകരിക്കേണ്ട മാര്‍ഗങ്ങളും അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കൊപ്പം 2347444, 66815757 എന്നീ നമ്പറുകളില്‍ വിളിച്ചും മെത്രാഷ് രണ്ട് ആപ്പ് വഴിയും അറിയിക്കാം.