ബാബുവിനെതിരായ കേസ്: പിടിച്ചെടുത്ത പണം തിരികെ നല്‍കാന്‍ ഉത്തരവ്

Posted on: December 22, 2016 9:15 am | Last updated: December 22, 2016 at 12:39 pm

മുവാറ്റുപുഴ: മുന്‍ മന്ത്രി കെ ബാബുവിന്റെ ബിനാമി എന്നാരോപിക്കുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 6,67,050 രൂപ തിരിച്ചുനല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. പണം മോഹനന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ട് സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്.

മൂന്ന് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തണമെന്നും കോടതിയുടെ അനുവാദമില്ലാതെ പണം പിന്‍വലിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. കേസന്വേഷണം നടക്കുന്നതിനാല്‍ പണം പൂര്‍ണമായും അക്കൗണ്ടില്‍ സൂക്ഷിക്കാനാണ് ഉത്തരവ്.

നോട്ട് അസാധുവാക്കല്‍ വന്നതോടെ പിടിച്ചെടുത്ത പണം വിലയില്ലാത്തതായി മാറിപ്പോയേക്കുമെന്ന് മോഹനന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ പണം ബേക്കറിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ സൂക്ഷിച്ചിരിക്കുന്നതാണെന്നും ഇത് തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു മോഹനന്റെ ഹര്‍ജി.

അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ പണം സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. നോട്ട് അസാധുവാക്കല്‍ മൂലം പണം നഷ്ടപ്പെടാനും പാടില്ല. ഡിസംബര്‍ 31നകം നിക്ഷേപത്തിന്റെ രേഖ കോടതിയില്‍ ഹാജരാക്കണം. കെ ബാബുവിന്റെ ബിനാമിയാണ് മോഹനനെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.