Connect with us

National

ചിക്കി അഴിമതി കേസ്: പങ്കജ് മുണ്ടെക്ക് ക്ലീന്‍ചിറ്റ്

Published

|

Last Updated

മുംബൈ: ചിക്കി(കടലമിഠായി)അഴിമതി കേസില്‍ ആരോപണ വിധേയയായ മഹാരാഷ്ട്രാ ശിശുക്ഷേമ മന്ത്രി പങ്കജ് മുണ്ടെക്ക് മഹാരാഷ്ട്രാ അഴിമതിവിരുദ്ധ ബ്യൂറോയുടെ ക്ലീന്‍ചിറ്റ്. ഇവര്‍ക്കെതിരെയുള്ള അഴിമതി കേസ് അവസാനിപ്പിക്കാന്‍ മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ(എ സി ബി) ശിപാര്‍ശ ചെയ്തു.

സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ കടല മിഠായി നല്‍കുന്നതിന് കരാര്‍ നല്‍കിയതില്‍ 206 കോടി രൂപയുടെ തിരിമറികള്‍ നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇതുസംബന്ധിച്ച കേസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് എ സി ബി മഹാരാഷ്ട്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് വക്താവ്, സച്ചിന്‍ സാവന്ത് എ സി ബിയില്‍ പങ്കജ് മുണ്ടെക്കെതിരെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന കടല മിഠായി വിതരണത്തിന് കരാര്‍ നടത്തിയപ്പോള്‍ 206 കോടിയുടെ തിരിമറി നടത്തിയെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നഗര, ഗ്രാമ പ്രദേശങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട അവശ്യവസ്തുക്കള്‍ വാങ്ങിയതിലും വ്യാപകമായ അഴിമതിയും തിരിമറികളും നടന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം സച്ചിന്‍ സാവന്ത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ എല്ലാ ആരോപണങ്ങളെയും പങ്കജ് മുണ്ടെ നിഷേധിച്ചിരുന്നു. തന്നെ അപകീര്‍ത്തി പെടുത്താനുള്ള ശത്രുക്കളുടെ ഗൂഢ തന്ത്രമാണ് ഇതിന് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ചിക്കി വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് ഏറ്റവും വലിയ അഴിമതിയെന്നായിരുന്നു ആരോപണം.

Latest