Connect with us

Gulf

ഗാസയിലെ വിദ്യാര്‍ഥികള്‍ക്കായി ഖത്വറിന്റെ 265 സ്‌കോളര്‍ഷിപ്പുകള്‍

Published

|

Last Updated

ദോഹ: ഗാസയിലെ നേതൃഗുണമുള്ള വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിനായി എജുക്കേഷന്‍ എബവ് ആള്‍ (ഇ എ എ) അല്‍ ഫഖൂറ എന്ന പദ്ധതി വഴി 265 പുതിയ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി.

അല്‍ ഫഖൂറ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഡൈനാമിക് ഫ്യൂച്ചേഴ്‌സ് എന്ന പേരില്‍ നല്‍കുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പാണിത്. യു എന്‍ ഡവലപ്‌മെന്റ് പ്രോഗ്രാംസിന്റെ ഫലസ്തീന്‍ ജനതയെ സഹായിക്കാനുള്ള പദ്ധതിയുമായി സഹകരിച്ചാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. നേതൃഗുണത്തിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. 4,124 അപേക്ഷകളില്‍ നിന്നാണ് 265 പേരെ തിരഞ്ഞെടുത്തത്. ഇതിനായി 706 സന്ദര്‍ശനങ്ങളും നടത്തിയിരുന്നു.
മനുഷ്യവികസനത്തിലെ പ്രധാന സാരഥിയാണ് വിദ്യാഭ്യാസം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇ എ എ സ്ഥാപിക്കപ്പെട്ടതെന്ന് അല്‍ ഫഖൂറ പ്രോഗ്രാം ഡയറക്ടര്‍ ഫാറൂഖ് ബര്‍ണി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വലിയ തോതില്‍ നിക്ഷേപമിറക്കുന്നത് ഗാസയുടെയും മിഡില്‍ ഈസ്റ്റിന്റെയും സംഘര്‍ഷങ്ങള്‍ നേരിടുന്ന എല്ലാ സമൂഹത്തിന്റെയും സമാധാനപരമായി ഭാവിക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഗസയ്ക്ക് പുറമേ വെസ്റ്റ് ബേങ്ക്, കിഴക്കന്‍ ജറുസലേം, സിറിയന്‍ അഭയാര്‍ഥികള്‍, ജോര്‍ദാന്‍, തുര്‍ക്കി, ലബ്‌നാന്‍, ഇറാഖ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഡൈനാമിക് ഫ്യൂച്ചേഴ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ നിന്ന് മോചനം നേടിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡൈനാമിക് ഫ്യൂച്ചേഴ്‌സ് യുവജനങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനും നേതൃപരിശീലനത്തിനുമുള്ള അവസരമൊരുക്കിക്കൊണ്ടിരിക്കുകയാണ്.