പോസ്റ്റര്‍ ഒട്ടിച്ചതിന് മഹാരാജാസ് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Posted on: December 21, 2016 10:25 am | Last updated: December 21, 2016 at 10:25 am

കൊച്ചി: കോളേജ് ചുവരില്‍ കവിതകള്‍ എഴുതി ഒട്ടിച്ചതിന് വിദ്യാര്‍ഥികളെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതായി പരാതി. എറണാകുളം മഹാരാജ് കോളേജിലെ ആറ് വിദ്യാര്‍ഥികളെയാണ് സെന്‍ട്രല്‍ പോലീസ് പൊതുമുതല്‍ നശീകരണ നിയമപ്രകാരമുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാല്‍ മുദ്രാവാക്യങ്ങള്‍ എഴുതിയതിന്റെ പേരിലല്ല അറസ്റ്റെന്നും ഒരു മാസം മുമ്പ് കോളേജിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ പേരിലാണ് നടപടിയെന്നുമാണ് പോലീസ് വിശദീകരണം.

കോളേജ് ചുവരിലെ ഏഴുത്തുകള്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതാണെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്ന് കണ്ടതോടെ കേസ് പൊതുമുതല്‍ നശീകരണമാക്കുകയാണ് ചെയ്തതെന്നുമാണ് അറസ്റ്റിലായവരുടെ സഹപാഠികള്‍ പറയുന്നത്. രണ്ട് പട്ടികജാതി വിദ്യാര്‍ഥികള്‍ അടക്കം ആറുപേരാണ് അറസ്റ്റിലായത്.