‘എന്റെ പ്രധാനമന്ത്രിയെ ഞാന്‍ വിശ്വസിച്ചു പോയി’; അസാധു നോട്ട് മാറാന്‍ വൈകിയതിന് ഉപഭോക്താവിന്റെ കിടിലന്‍ വിശദീകരണം

Posted on: December 21, 2016 9:55 am | Last updated: December 21, 2016 at 9:55 am

മുംബൈ: അസാധു നോട്ടുകള്‍ അക്കൗണ്ടിലിടാന്‍ വൈകിയതിന് ഉപഭോക്താവ് നല്‍കിയ വിശദീകരണം ബാങ്ക് അധികൃതരെ കുഴക്കി. മുംബൈ സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറും മുംബൈ ആസൂത്രണ ബോര്‍ഡ് അംഗവുമായ ആര്‍ രാം കുമാറാണ് കൃത്യമായ വിശദീകരണം നല്‍കി ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്.

എന്റെ പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും വാക്കുകള്‍ ഞാന്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016 വരെ പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സമയമുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ അവരുടെ അഭിപ്രായം മാറ്റി. ഇതാണ് രാം കുമാര്‍ നല്‍കിയ വിശദീകരണം.

മറുപടി കണ്ട കാഷ്യര്‍ മാനേജരോട് കാര്യം പറഞ്ഞു. മറ്റെന്തെങ്കിലും കാരണം എഴുതി നല്‍കണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടെങ്കിലും രാം കുമാര്‍ വഴങ്ങിയില്ല. താന്‍ കള്ളം പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാം കുമാര്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ ഗത്യന്തരമില്ലാതെ ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ മാറി നല്‍കുകയായിരുന്നു.