Connect with us

Kerala

ഭിന്നശേഷിക്കാര്‍ക്ക് മര്‍കസിന്റെ തണല്‍ തൃശൂരിലും

Published

|

Last Updated

തലക്കോട്ടുകരയില്‍ മര്‍കസ് നിര്‍മ്മിച്ച സ്‌പെഷ്യല്‍ സ്‌കൂള്‍

തൃശൂര്‍: വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മര്‍കസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ തലക്കോട്ടുകരയില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസപരവും മാനസികവുമായ സുരക്ഷിതത്വവും വികസനവും ലക്ഷ്യമാക്കിയാണ് കേച്ചേരിക്കടുത്ത തലക്കോട്ടുകരയില്‍ അനുഗ്രഹഃ മര്‍കസ് സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ എജ്യുക്കേഷണല്‍ നീഡ്‌സ് എന്ന പേരില്‍ ഈ സംരംഭം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ മാസം 22ന് സ്‌കൂളിന്റെ ഉദ്ഘാടന കര്‍മം നടക്കുമെന്ന് മര്‍കസ് അധികൃതര്‍ വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരികമായി ഭിന്നശേഷിയുള്ളവര്‍, അന്ധര്‍ തുടങ്ങി വിവിധ തരത്തിലുള്ള ശാരീരിക മാനസിക പരിമതികള്‍ ഉള്ളവര്‍ക്ക് സ്ഥാപനത്തില്‍ വ്യത്യസ്തങ്ങളായ സേവനങ്ങള്‍ നല്‍കും. മര്‍കസിന് കീഴില്‍ പൂനൂരില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സ്ഥാപനം നേരത്തെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തൃശൂരിലെ പുതിയ സ്ഥാപനത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര പുരോഗതിക്കായുള്ള നിരവധി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംരംഭങ്ങളും നടപ്പാക്കാനാണ് പദ്ധതി.

ജീവകാരുണ്യ രംഗത്തെ മര്‍കസിന്റെ ഇടപെടല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തൃശൂരില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുന്നതെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ സ്ഥാപനത്തില്‍ പ്രവേശനം. ക്രമേണ ഭിന്നശേഷിയുള്ള എല്ലാ വിഭാഗം ആളുകള്‍ക്കും പഠനം നടത്താന്‍ സ്ഥാപനം സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest