Connect with us

National

2009-15 കാലയളവില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 600 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2009 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്തെ വിവിധയിടങ്ങളിലായി 600 പേര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ പിടികൂടുന്ന കുറ്റവാളികളെ ചോദ്യം ചെയ്യാനായി പല പോലീസ് സ്റ്റേഷനുകളിലും മൂന്നാം മുറ പ്രയോഗിക്കുന്നുവെന്നും പലപ്പോഴും കസ്റ്റഡിയിലെടുക്കുന്നതിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് രാജ്യത്ത് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കാതെ പീഡിപ്പിക്കുന്നതിനിടെയാണ് പലരും പോലീസ് സ്റ്റേഷനുകളില്‍ കൊല്ലപ്പെട്ടതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കും ചില നിയമ പരിരക്ഷകള്‍ ഉള്ളതായി ചില പോലീസ് അധികാരികള്‍ മറക്കുന്നതാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നത്.

അതേസമയം, ഇത്തരം മരണങ്ങള്‍ ആത്മഹത്യയോ, ശാരീരികമായ മറ്റു അസുഖങ്ങള്‍ മൂലമുള്ള മരണമോ ആയിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തുക. 2015ല്‍ മാത്രം 97 പേര്‍ കസ്റ്റഡില്‍ മരണപ്പെട്ടിരുന്നു. ഇതില്‍ 67 പേരും മരണപ്പെട്ടത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു. അറസ്റ്റ് ചെയ്യുന്നയാളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹജാരാക്കണമെന്നാണ് നിയമം.
മജ്‌സ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുക, കസ്റ്റഡിയിലെടുക്കുന്നത് ബന്ധുക്കളെ വിവരമറിയിക്കുക, മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ചെയ്യണമെന്നാണ് നിയമം. പക്ഷേ രാജ്യത്ത മിക്ക അറസ്റ്റുകളിലും ഇക്കാര്യങ്ങള്‍ ഗൗരവപരമായി പരിഗണിക്കുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി.
മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ 30 ശതമാനവും പോലീസിനെതിരെയാണെന്ന് നേരത്തെ ലോക്സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 88 പേര്‍ കസ്റ്റഡിയില്‍ മരിച്ചതായും അന്ന് സര്‍ക്കാര്‍ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു.

Latest