പൊള്ളലേറ്റ മലയാളി യുവാവ് എംബസിയുടെ സാഹായം തേടുന്നു

Posted on: December 19, 2016 10:10 pm | Last updated: December 19, 2016 at 10:10 pm
അബ്ബാസ്

ദോഹ: പൊള്ളലേറ്റ് ജീവിതം അപകടത്തിലായതിനൊപ്പം ജോലി നഷ്ടപ്പെടുകയും ചെയ്ത മലയാളി നാട്ടില്‍ പോകുന്നതിനും തുടര്‍ ചികിത്സക്കുമായി ഇന്ത്യന്‍ എംബസിയുടെ സഹായം പ്രതീക്ഷിച്ചു കഴിയുന്നു. ഖത്വറില്‍ വിന്റര്‍ ക്യാംപില്‍ പാചകക്കാരനായി ജോലി ചെയ്തു വന്ന കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ അബ്ബാസാണ് നിസ്സഹായനായി കഴിയുന്നത്.

മിസൈഈദിലെ ഗംഗില്‍ എന്നു വിശേഷിപ്പിക്കുന്ന മരുക്കാട്ടിലെ ക്യാംപിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിന്‍ഡറില്‍നിന്നുള്ള പൈപ്പ് ലീക്കായി ടെന്റിനു തീ പിടിച്ചാണ് കൈക്കും കാലിനും പൊള്ളലേറ്റത്. വക്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ബാസിനെ സ്‌പോണ്‌സര്‍ കയ്യൊഴിഞ്ഞതോടെയാണ് നിരാശ്രയനായത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ മാസം വിസ പുതുക്കിയ സ്‌പോണ്‌സര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ വിസ റദ്ദാക്കുകയായിരുന്നു.

മൂന്നര വര്‍ഷമായി ഇതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്ന അബ്ബാസ് ആറുമാസം ശൈത്യകാലത്തു മാത്രമാണ് മരുഭൂമിയിലെ ടെന്റില്‍ പാചക ജോലിക്കായി എത്തുന്നത്. ഇത്തവണ ജോലിയില്‍ പ്രവേശിച്ച് മൂന്നു മാസം പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. പൊള്ളിയ മുറിവുകള്‍ ഉണങ്ങി തുടങ്ങിയതോടെ നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് സ്‌പോണ്‍സര്‍ നല്‍കിയിട്ടുണ്ട്. നാലുമാസം വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ നാട്ടില്‍ തുടര്‍ ചികിത്സക്കും കുടുംബത്തിന്റെ ചെലവിനും വഴി കണ്ടെത്താനാകാതെ നിസ്സഹായവസ്ഥയിലാണ് അബ്ബാസ്. പരാതിയുടെ അടിസ്ഥാനത്തില്‍ എംബസിയില്‍ നിന്നും ബന്ധപ്പെട്ടിരുന്നെങ്കിലും പരിഹാരമായിട്ടില്ല. രണ്ടു മാസത്തെ ശമ്പളം നല്‍കാമെന്നാണ് സ്‌പോണ്‍സര്‍ സമ്മതിച്ചത്. ഉടന്‍ തന്നെ നാട്ടിലേക്കു മടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊള്ളിയ ഭാഗങ്ങള്‍ പൂര്‍ണമായും ഉണങ്ങാതെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാകുമെന്നാണ് അബ്ബാസ് ഭയപ്പെടുന്നത്. 30068642 നമ്പറില്‍ അബ്ബാസിനെ ബന്ധപ്പെടാം.