ഭരണകര്‍ത്താവിനെ തിരുത്തിയ വെനിസ്വേല

Posted on: December 19, 2016 8:57 am | Last updated: December 19, 2016 at 8:57 am

ദീര്‍ഘവീക്ഷണവും ആസൂത്രിതവുമല്ലാത്ത ഭരണകര്‍ത്താവിന്റെ പരിഷ്‌കാരത്തിന് ഭരണീയര്‍ നല്‍കിയ ചുട്ട മറുപടിയുടെ വാര്‍ത്തകളാണ് വെനിസ്വേലയില്‍ നിന്ന് കേള്‍ക്കുന്നത്. വെനിസ്വേലയിലെ ഉയര്‍ന്ന കറന്‍സിയായ 100 ബോളിവര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന ഉത്തരവിനും ഉത്തരവ് പിന്‍വലിച്ചുവെന്ന പ്രഖ്യാപനത്തിനും ഇടയില്‍ ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
ജനവിരുദ്ധ നിലപാടുകള്‍ എന്തിന്റെ പേരിലായാലും അത് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ഹ്യൂഗോ ഷാവേസിന്റെ വിപ്ലവം അനുഭവിച്ചറിഞ്ഞ സമൂഹത്തിന് സാധിക്കില്ലായിരുന്നു. അധ്വാനിച്ച് കിട്ടിയ പണത്തിന് വേണ്ടി ബേങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ പോയി അധ്വാനിക്കേണ്ട ദുരവസ്ഥ വന്നപ്പോള്‍ ജനങ്ങള്‍ ഒന്നായി തെരുവിലിറങ്ങി. അത് ജനത്തിന്റെ കളങ്കമില്ലാത്ത വികാരമാണെന്ന് പ്രസിഡന്റ് നിക്കോളസ് മദുറൊ ഉള്‍ക്കൊണ്ടു. ഭരണകര്‍ത്താവിന്റെ തെറ്റായ നയത്തെ എതിര്‍ക്കുന്നത് ദേശീയതക്കെതിരാണെന്നും രാജ്യദ്രോഹമാണെന്നും ഭരണപക്ഷം പോലും മുറവിളി കൂട്ടിയില്ല.
ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി പ്രസിഡന്റ് തലത്തിലെത്തിയ നിക്കോളസ് മദുറോയുടെ ഭരണം തുടക്കം മുതലേ നിരാശയായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ സമ്പൂര്‍ണ പരാജയമായിരുന്നു മദുറോ. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സമാന്തര സാമ്പത്തിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലും മദുരറോക്ക് നൈപുണ്യമുണ്ടായിരുന്നില്ല.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുകയും ജനങ്ങള്‍ പ്രതിസന്ധി നേരിടുകയും ചെയ്തതോടെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുകയാണ്. ഈ ഘട്ടത്തിലാണ് നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഞാറാഴ്ചയായിരുന്നു ജനങ്ങളെ ഞെട്ടിച്ച ആ പ്രസംഗം. കള്ളനോട്ട് മാഫിയകള്‍ രാജ്യത്ത് സജീവമാണെന്നും ആയിരക്കണക്കിന് 100ന്റെ ബോളിവര്‍ നോട്ടുകള്‍ കൊളംബിയന്‍ നഗരത്തിലുണ്ടെന്നുമായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം. മാഫിയകളെ പ്രതിരോധിക്കാന്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടുകയും ചെയ്തു. നൂറിന് പകരം പുതിയ നോട്ടുകള്‍ ബേങ്കുകളിലെത്താത്തതിനെ തുടര്‍ന്ന് മൂല്യം കുറഞ്ഞ നോട്ടുകളായിരുന്നു ജനങ്ങള്‍ക്ക് മടക്കിക്കൊടുത്തത്. നോട്ടുകള്‍ അസാധുവാക്കിയെന്ന പ്രഖ്യാപനം ഒരു ഭരണകര്‍ത്താവിനുണ്ടാകേണ്ട സാമാന്യ ആസൂത്രണ ബോധത്തോട് കൂടിയായിരുന്നില്ല. വേണ്ടത്ര സജ്ജീകരണങ്ങള്‍ ബേങ്കുകളിലോ എ ടി എമ്മിലോ ഉണ്ടായിരുന്നില്ല. 40 ശതമാനത്തോളം ജനങ്ങള്‍ക്ക് ബേങ്ക് അക്കൗണ്ടുകള്‍ പോലും ഇല്ലായിരുന്നു. കൂടാതെ നോട്ട് അസാധുവാണെന്ന നിര്‍ദേശത്തിന് ശേഷവും അസാധു നോട്ടുകള്‍ എ ടി എമ്മിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചു. ഇതോടെ പണമില്ലാതെ ജനം വലഞ്ഞു. ജനങ്ങളെ നേരിടാന്‍ പോലീസും സൈന്യവും തെരുവിലിറങ്ങി.
ഭക്ഷണം കഴിക്കുകയെന്ന പ്രാഥമിക ലക്ഷ്യം ജനങ്ങള്‍ കവര്‍ച്ചയിലൂടെ നിറവേറ്റി. ആയിരക്കണക്കിന് ഹോട്ടലുകളും റെസ്റ്റോറന്റുകളും കവര്‍ച്ച ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഇത്തരത്തിലൂണ്ടായത്. പ്രകോപിതരായ ജനങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമിച്ചതോടെ പ്രക്ഷോഭം ആളിക്കത്തി. ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നൂറ് കണക്കിനാളുകളെ അറസ്റ്റ് ചെയ്തു.
കള്ളപ്പണമെന്നും മാഫിയയെന്നും പറഞ്ഞ് ജനവിരുദ്ധ പരിഷ്‌കരണം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട പ്രസിഡന്റിന് ഏഴ് ദിവസത്തിനകം തന്നെ തിരിച്ചറിവുണ്ടായത് ആശ്വാസകരമാണ്. അല്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ജനങ്ങളെ പോലെ വെനിസ്വേലന്‍ ജനതയും തീരാ ദുരിതത്തിലാകുമായിരുന്നു. പ്രഖ്യാപനം മരവിപ്പിച്ചുകൊണ്ട് പ്രസിഡന്റ് നടത്തിയ പ്രസംഗം പക്ഷേ യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. മദുരോയുടെ രാഷ്ട്രീയ ഭാവിയെ കളങ്കപ്പെടുത്താന്‍ ഇതുതന്നെ ധാരാളം. പുതിയ പണവുമായി രാജ്യത്തേക്ക് വന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്നും രാജ്യത്തിന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നുമായിരുന്നു രാഷ്ട്രത്തലവന്റെ ന്യായീകരണം. എന്നാല്‍ ഇതേകുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.