Connect with us

Editors Pick

ഖുര്‍ആന്‍ ഗ്രാനൈറ്റ് ഫലകത്തിലേക്ക് പകര്‍ത്തിയെഴുതി നൗഷാദിന്റെ കരവിരുത്

Published

|

Last Updated

കൊടുങ്ങല്ലൂര്‍: വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും ശിലാഫലകത്തിലേക്ക് മാറ്റി മേത്തല കണ്ടംകുളം സ്വദേശി നടുവിലപറമ്പില്‍ നൗഷാദ് (40) ശ്രദ്ധേയനാകുന്നു. ഖുര്‍ആനിലെ 6666 സൂക്തങ്ങളും ഗ്രാനൈറ്റ് ഫലകത്തിലേക്ക് പകര്‍ത്താനുള്ള ദൗത്യം ഈ യുവ കലാകാരന്‍ ആരംഭിച്ചുകഴിഞ്ഞു.
അക്ഷരങ്ങള്‍ ചിതറി പോകാതിരിക്കാന്‍ പൂര്‍ണമായും കൈകള്‍ കൊണ്ടാണ് കൊത്തുന്നത്. തുടര്‍ന്ന് മെഷീന്‍ ഉപയോഗിച്ച് ഫിനിഷിംഗ് നടത്തും. നൗഷാദിന്റെ മക്കളായ ഇജാസ് (18) റിയാസ് (16) എന്നിവരും പങ്കാളികളാണ്. ഭാര്യ റഹീമയും സഹായത്തിനുണ്ട്. ഇവരെല്ലാം ചേര്‍ന്ന് ഒന്നര പേജാണ് ഒരു ദിവസം പൂര്‍ത്തീകരിക്കുക. ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംരംഭമാണിത്.—ചേരമാന്‍ ജുമാമസജിദിന്റെ ചുവരുകളില്‍ സ്ഥാപിക്കുന്നതിനാണ് ഫലകങ്ങള്‍ തയ്യാറാക്കുന്നത്. ഇതിനായി മഹല്ല് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.—
ഒരടി വീതിയും ഒന്നരയടി നീളവുമുള്ള ഫലകങ്ങളിലാണ് പകര്‍ത്തിയെഴുതുന്നത്. ഇവ മുകളിലും താഴെയുമായി രണ്ട് നിരകളില്‍ ഫ്രെയിം ചെയ്താണ് സ്ഥാപിക്കുക. ആദ്യ അധ്യായമായ ഫാത്വിഹ മുതല്‍ അവസാന അധ്യായമായ നാസ് വരെ 607 പേജുകള്‍ തയ്യാറാക്കുന്നതിന് ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്ന് നൗഷാദ് പറഞ്ഞു.
ഗ്രാനൈറ്റ് വാങ്ങുന്നത് മുതല്‍ ഫ്രെയിം ചെയ്ത് സ്ഥാപിക്കുന്നത് വരെ ഒരു പേജിന് 1850 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും കൊത്തി സ്ഥാപിക്കുന്നതിന് 11,22950 രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ ഉദ്യമത്തിന് സ്‌പോണ്‍സര്‍മാരെ തേടുകയാണ് നൗഷാദ്. പരസ്യ ജോലികളും ശിലാഫലക നിര്‍മാണവും തൊഴിലായി സ്വീകരിച്ചിരിക്കുന്ന നൗഷാദ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍ സൂചികളടക്കം ചിരട്ട കൊണ്ട് നിര്‍മിച്ച വാച്ച് സമ്മാനിച്ച് ശ്രദ്ധ നേടിയിരുന്നു.—കരകൗശല നിര്‍മാണ വൈദഗ്ധ്യത്തിന് മേത്തല പഞ്ചായത്ത് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. കൂടാതെ ജന ശിക്ഷണ്‍ സംസ്ഥാന്‍ പദ്ധതിയില്‍ ചിരട്ട കൊണ്ടുള്ള കരകൗശല നിര്‍മാണ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പദ്ധതിയുമായി സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ 9961989012 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വാര്‍ത്താ സമ്മേളനത്തില്‍ ചേരമാന്‍ മഹല്ല് ഖത്വീബ് സൈഫുദ്ദീന്‍ അല്‍ ഖാസിമി, ഉസ്മാന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ റഹീം പി എ എന്നിവരും സംബന്ധിച്ചു.

Latest