പാല്‍ വില നല്‍കിയില്ല; ബേങ്ക് മാനേജറെ തടഞ്ഞ് വെച്ചു

Posted on: December 17, 2016 11:50 am | Last updated: December 17, 2016 at 11:41 am

മാനന്തവാടി: പാല്‍ വില വാങ്ങാനെത്തിയ ക്ഷീരകര്‍ഷകരെ ബേങ്ക് അധികൃതര്‍ തിരിച്ചയച്ചു. കാനറ ബേങ്കിന്റെ മാനന്തവാടി, പയ്യമ്പള്ളി ശാഖകളില്‍ എത്തിയ കര്‍ഷകരെയാണ് ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചത്. ക്ഷീരസംഘം ബാങ്കില്‍ പണം അടച്ചില്ലെന്നു പറഞ്ഞാണ് കര്‍ഷകരെ തിരിച്ചയച്ചത്.

ഡിസമ്പര്‍ ഒമ്പതിന് 330 പേര്‍ക്കായി 18 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയതാണ്. പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് മാറ്റാനുണ്ടായ കാലതാമസം മറച്ചുവെച്ച് സംഘത്തെ പ്രതിക്കൂട്ടിലാക്കാനാണ് ബേങ്ക് അധികൃതര്‍ ശ്രമിച്ചത്.
കര്‍ഷകരെതിരിച്ചയക്കുന്നതറിഞ്ഞ് സംഘം പ്രസിഡന്റ് പിടി ബിജു, സംഘം ഭരണ സമിതി അംഗങ്ങളായ എല്‍ദോ ,ബിജു അമ്പിത്തറ, കര്‍ഷകരായ എം ജെ മത്തായി, പി ജി വിജയന്‍.എം സോമന്‍, പി.വി. സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബേങ്ക് അധികൃതര്‍ക്കെതിരെ മാനന്തവാടി ശാഖയിലെത്തി പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് മുഴുവനാളുകള്‍ക്കും പണം നല്‍കുമെന്ന് ഉറപ്പു നല്‍കി.