മോദിക്കെതിരെ ആരോപണവുമായി ബാബാ രാംദേവ്‌

Posted on: December 17, 2016 7:57 am | Last updated: December 16, 2016 at 11:57 pm

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ബാബ രാംദേവ് രംഗത്ത്. നോട്ട് അസാധുവാക്കല്‍ തീരുമാനം മൂന്ന് മുതല്‍ അഞ്ച് ലക്ഷം കോടിയോളം രൂപയുടെ അഴിമതിക്കാണ് വഴിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് വെബ്‌സൈറ്റ് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവിന്റെ അഴിമതി ആരോപണം. നേരത്തെ നോട്ട് നിരോധനത്തെ അനകൂലിച്ച് രാംദേവ് രംഗത്തെത്തിയിരുന്നു.

അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെ്. നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കിയതില്‍ വലിയ വീഴ്ച്ച പറ്റി. ബേങ്ക് ഉദ്യോഗസ്ഥര്‍മാര്‍ അഴിമതിക്കാരായി മാറുമെന്ന് മോദി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. അഴിമതിയില്‍ റിസര്‍വ് ബേങ്കിലെ ചിലര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നു. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. രണ്ട് നോട്ടുകള്‍ ഒരേ സീരിയല്‍ നമ്പറില്‍ അച്ചടിച്ചിട്ടുണ്ടാകുമോ എന്ന സംശയവും രാംദേവ് ഉന്നയിച്ചു. അങ്ങനെയെങ്കില്‍ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം തടയാന്‍ മൂന്ന് കാര്യങ്ങള്‍ സര്‍ക്കാറിന്റെ മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇവയില്‍ ഒന്ന് മാത്രമാണ് നടപ്പായതെന്നും അദ്ദേഹം പറഞ്ഞു.