വ്യാജ വാര്‍ത്തകള്‍ തടയിടാന്‍ ഫേസ്ബുക്ക്

Posted on: December 17, 2016 7:41 am | Last updated: December 16, 2016 at 10:43 pm

വാഷിംഗ്ണ്‍: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്ക് പുതിയ നടപടികള്‍ സ്വീകരിക്കുന്നു. വാര്‍ത്തകളിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പുറത്തുനിന്നും പങ്കാളിയെ കണ്ടെത്തിയായിരിക്കും ഫേസ്ബുക്ക് വ്യാജ വാര്‍ത്തകള്‍ക്ക് തടയിടുക.
തെളിയിക്കപ്പെടാത്ത ക്യാന്‍സര്‍ ചികിത്സകള്‍ മുതല്‍ സെലിബ്രിറ്റികളെ പരിഹസിക്കല്‍ തുടങ്ങി വീടിന് പുറകില്‍ ഹിമ മനുഷ്യനെ കണ്ടെന്ന വ്യാജ വാര്‍ത്തകള്‍ വരെ ഫേസ്ബുക്കില്‍ ഇടംപിടിച്ചിരുന്നു. ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുകയും സ്വാധീനിക്കുകയും ചെയ്യുമെന്നതിനാല്‍ വ്യാജമായ രാഷ്ട്രീയ വാര്‍ത്തകളും ഇതില്‍ ഉള്‍പ്പെടും.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണ്. ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പരുക്കുന്നത് തടയാനുള്ള കര്‍ത്തവ്യം തങ്ങള്‍ക്കുണ്ടെന്ന് ഫേസ്ബുക്ക് വാര്‍ത്ത പോഷക വിഭാഗം വൈസ് പ്രസിഡന്റ് ജോണ്‍ ഹെഗ്മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഒരു ഓപ്പണ്‍ പ്ലാറ്റ്‌ഫോം എന്നത് ഗൗരവമായി ആലോചിക്കും.
എന്നാല്‍ ഇത് വാര്‍ത്തകള്‍ ശരിയൊ തെറ്റൊ എന്ന് തീരുമാനിക്കാനുള്ള കമ്പനിയുടെ ഇടമായിരിക്കില്ലെന്നും ഹെഗ്മാന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ ഒരു വ്യാജ വാര്‍ത്ത കണ്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നത് ലളിതമാക്കും.
കൂടുതല്‍ പേര്‍ ഒരു വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ അത് വാര്‍ത്തകളിലെ ഉള്ളടക്കം പരിശോധിക്കുന്ന മൂന്നാം കക്ഷിയായ ഫാക്ട് ചെക്കിംഗ് നെറ്റ് വര്‍ക്കിന് കൈമാറും . എന്നാല്‍ ഇത്തരത്തില്‍ വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യില്ലെങ്കിലും വാര്‍ത്ത സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന് അടയാളപ്പെടുത്തും. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക് മറ്റൊരു മുന്നറിയിപ്പും ലഭിക്കും. അദ്ദേഹം വ്യക്തമാക്കി.