Connect with us

Kerala

പൊട്ടിത്തെറിയുടെ വക്കോളമെത്തി; പാണക്കാട്ടെ തങ്ങളെ ഇറക്കി ഫുള്‍സ്റ്റോപ്പ്‌

Published

|

Last Updated

കോഴിക്കോട്: മാസങ്ങള്‍ നീണ്ടുനിന്ന യൂത്ത് ലീഗിനുള്ളിലെ അധികാര ചരടുവലികള്‍ക്കും പൊട്ടിത്തെറിയുടെ വക്കോളമെത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും പാണക്കാട് കുടുംബത്തില്‍ നിന്നുള്ള വ്യക്തിയെ ഇറക്കി നേതൃത്വത്തിന്റെ ഫുള്‍സ്റ്റോപ്പ്. യൂത്ത് ലീഗിനുള്ളില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിഭാഗീയതയും രൂക്ഷമായപ്പോള്‍ ഒരു പതിറ്റാണ്ട് മുമ്പ് സ്വീകരിച്ച അതേ മാര്‍ഗം പുറത്തെടുത്താണ് ഇത്തവണയും പ്രശ്‌ന പരിഹാരമുണ്ടാക്കിയത്. എന്നാല്‍ 2007ല്‍ നിന്ന് വിത്യസ്തമായി സമ്മര്‍ദ രാഷ്ട്രീയത്തിന് നേതൃത്വം പൂര്‍ണമായും കീഴ്‌പ്പെട്ടില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഫിറോസ് പ്രധാന ഭാരവാഹിത്വത്തിലേക്ക് വരുന്നതില്‍ തുടക്കം മുതല്‍ എതിര്‍പ്പുമായി ചിലര്‍ രംഗത്തുണ്ടായിരുന്നു. ലീഗിലെ ചില രണ്ടാം നിര നേതാക്കള്‍ ഏതാനും സമുദായ നേതാക്കളെ കൂട്ടുപിടിച്ച് ഇതിന് ചരടുവലിച്ചിരുന്നു. എന്നാല്‍ യൂത്ത് ലീഗിന്റെ വിവിധ ജില്ലാ നേതൃത്വങ്ങളും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും ഫിറോസിന് ഉറച്ച പിന്തുണ നല്‍കിയതോടെ അദ്ദേഹത്തെ പ്രധാന ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു.
മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പ്രശ്‌ന പരിഹാരം എന്ന നിലയില്‍ മുനവ്വറലി ശിഹാബ് തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ആദ്യം അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

സ്വാദിഖലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിലേക്ക് വന്ന 2006- 07 കാലഘട്ടത്തിന് സമാനമായ അവസ്ഥയിലാണ് മുനവ്വറലി തങ്ങളുടെയും രംഗപ്രവേശം. എം കെ മുനീര്‍ പ്രസിഡന്റും കെ ടി ജലീല്‍ ജനറല്‍ സെക്രട്ടറിയുമായി കമ്മിറ്റിയുടെ കാലാവധിക്ക് ശേഷം ജലീല്‍ പ്രസിഡന്റായുള്ള കമ്മിറ്റിക്ക് ഒരു വിഭാഗം അന്ന് ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സുനാമി ഫണ്ട് അടക്കം പാര്‍ട്ടിയുടെ ചില നിലപാടുകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജലീല്‍ നേതൃത്തിന് അനഭിമതനായി. യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം വരാതിരിക്കാന്‍ ദേശീയ കണ്‍വീനര്‍ എന്ന സ്ഥാനം നല്‍കി ജലീലിനെ തരംതാഴ്ത്തി. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്തായി. ജലീലിന്റെ പുറത്തുപോകല്‍ യൂത്ത് ലീഗിനുള്ളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സ്വാദിഖലി ശിഹാബ് തങ്ങളെ യൂത്ത് ലീഗിന്റെ അമരത്തേക്ക് മുസ്‌ലിം ലീഗ് നേതൃത്വം കൊണ്ടുവന്നത്.

ഫിറോസിന്റെ പാനലില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുന്‍ എം എസ് എഫ് പ്രസിഡന്റ് ടി പി അശ്‌റഫലിക്ക് പുതിയ കമ്മിറ്റിയില്‍ ഇടം ലഭിച്ചിട്ടില്ല. അദ്ദേഹത്തെ എം എസ് എസ് എഫിന്റെ പുതിയ ദേശീയ പ്രസിഡന്റാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച പാലക്കാട്ട് എം എസ് എഫിന്റെ ദേശീയ കണ്‍വന്‍ഷന്‍ നടക്കുന്നുണ്ട്. ഇതില്‍ അശ്‌റഫലിയെ പ്രസിഡന്റാക്കിയുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.

Latest