യൂത്ത് ലീഗ്: മുനവ്വറലി തങ്ങള്‍ പ്രസിഡന്റ്, പി കെ ഫിറോസ് സെക്രട്ടറി

Posted on: December 16, 2016 12:41 am | Last updated: December 16, 2016 at 12:41 am

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പി കെ ഫിറോസാണ് ജന സെക്രട്ടറി. എം എ സമദിനെ ട്രഷററായും തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാക്കിയ പാനല്‍ ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് പുതിയ ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പാനല്‍ യൂത്ത് ലീഗ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുകയും യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിക്കുകയുമായിരുന്നു.
നജീബ് കാന്തപുരത്തെ സീനിയര്‍ വൈസ് പ്രസിഡന്റാക്കിയിട്ടുണ്ട്. അഡ്വ. സുല്‍ഫീക്കര്‍ സലാം കൊല്ലം, ഫൈസല്‍ ബാഫഖി തങ്ങള്‍ മലപ്പുറം, പി ഇസ്മാഈല്‍ വയനാട്, പി കെ സുബൈര്‍ കണ്ണൂര്‍, പി എ അബ്ദുല്‍കരീം തൃശ്ശൂര്‍, പി എ അഹമ്മദ് കരീം എറണാകുളം എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിമാരായി മുജീബ് കാടേരി മലപ്പുറം, പി ജി മുഹമ്മദ് കോഴിക്കോട്, കെ എസ് സിയാദ് ഇടുക്കി, ആഷിക്ക് ചെലവൂര്‍ കോഴിക്കോട്, വി വി മുഹമ്മദലി കോഴിക്കോട്, കെ എം അശ്‌റഫ് കാസര്‍കോട്, പി പി അന്‍വര്‍ സാദത്ത് പാലക്കാട് എന്നിവരെയും തിരഞ്ഞെടുത്തു.