സിറാജുന്നീസ ഇനി അക്ഷര ലോകത്ത് പുനര്‍ജനിക്കും

Posted on: December 16, 2016 6:20 am | Last updated: December 16, 2016 at 12:22 am

പാലക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെപോലീസ് മനഃപൂര്‍വം വെടിവെച്ചു കൊലപ്പെടുത്തിയ സിറാജുന്നീസ എന്ന പതിനൊന്നുകാരി പെണ്‍കുട്ടിക്കിനി അക്ഷരലോകത്ത് പുനര്‍ജന്മം. തന്റെ പുതിയ കഥാസമാഹാരത്തില്‍ സിറാജുന്നീസയെ പ്രധാന കഥാപാത്രമാക്കി നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനാണ് പതിനൊന്നുകാരി പെണ്‍കുട്ടിയുടെ കഥപറയുന്നത്. പുതുപ്പള്ളിത്തെരുവില്‍ അരങ്ങേറിയ സമാനതകളില്ലാത്ത പോലീസിന്റെ കൊടുംഭീകരതക്ക് ഇരുപത്തിയഞ്ച് പൂര്‍ത്തിയാക്കിയസന്ദര്‍ഭത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നുവെന്നത് മറ്റൊരു സവിശേഷത. അതിദാരുണമായി 1991 ഡിസംബര്‍ 15ന് വൈകുന്നേരമാണ് സിറാജുന്നീസ വെടിയേറ്റ് മരിച്ചത്. വെടിയുണ്ടയേറ്റു വാങ്ങിയ പെണ്‍കുട്ടി അന്ന് മരിക്കാതെരക്ഷപ്പെട്ടിരുന്നുവെങ്കില്‍ ആ ജീവിതം അത്യന്തം ദുരിതപൂര്‍ണമാവുമായിരുന്നുവെന്ന് ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ പശ്ചാത്തലത്തില്‍ വിവരിക്കുകയാണ് ഏഴ് കഥകളടങ്ങിയ സമാഹാരത്തിലൂടെ. ഡി സി ബുക്‌സ് പുറത്തിറക്കുന്ന സമാഹാരത്തിന്റെയും ആദ്യകഥയുടെയും പേര് സിറാജുന്നീസ എന്നുതന്നെ.
പോലീസ് വെടിവെപ്പിനുശേഷമുള്ള കാലത്തും ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് സാധാരണ ജീവിതം ദുഷ്‌കരമാണെന്ന പൊരുളിലേക്ക് വര്‍ത്തമാന സംഭവങ്ങളുടെ ഇഴകള്‍ ചികഞ്ഞ് വിരല്‍ ചൂണ്ടുകയാണ് കഥാകാരന്‍.

ഡിസംബര്‍ 22ന് കോഴിക്കോടാണ് പ്രകാശനം. ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന പേരില്‍ പോലീസ് നടത്തിയ ഏകപക്ഷീയമായ അതിദാരുണമായി സിറാജുന്നിസ കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു പോലീസിന്റെ വെടിവെപ്പെന്ന് വെടികൊണ്ടപ്പോള്‍ സിറാജുന്നീസയെ താങ്ങിയെടുത്ത അമ്മാവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വെടിവെപ്പിനു ശേഷം സിറാജുന്നിസയെ ഒന്നാം പ്രതിയാക്കി കേസെടുത്ത പോലീസിന്റെ പരിഹാസ്യനിലപാടുകള്‍ക്ക് വരെ കേരളം സാക്ഷിയായി. കുടുംബം കുറേ കാലം കേസുമായി നടന്നെങ്കിലും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായില്ല.