മോദിക്കെതിരെ തെളിവ് പുറത്തു വിടാന്‍ രാഹുലിന് ധൈര്യമില്ലെന്ന് കെജ്‌രിവാള്‍

Posted on: December 15, 2016 12:44 am | Last updated: December 15, 2016 at 12:44 am

ന്യൂഡല്‍ഹി: നോട്ടുകള്‍ നിരോധിച്ച നടപടിയില്‍ കോഴവാങ്ങിയതിന് മോദിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി പുറത്തുവിടാന്‍ ധൈര്യം കാട്ടുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസും ബി ജെ പിയും ഇത്തരം സൗഹൃദ മത്സരങ്ങള്‍ നടത്താറുണ്ടെന്നും എന്നാല്‍ ഒരു വെളിപ്പെടുത്തലുകളും നടത്തില്ലെന്നും അദ്ദേഹം പരിഹസിച്ചു.

നോട്ടുനിരോധനത്തില്‍ കോഴ വാങ്ങിയതിന് മോദിക്കെതിരെ രാഹുലിന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തു കൊണ്ട് പാര്‍ലിമെന്റിന് പുറത്ത് വെളിപ്പെടുത്തിക്കൂടാ. ബി ജെ പി അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസ് കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്നു. അതേ സമയം, സഹാറാ-ബിര്‍ല അഴിമതിക്കേസ് ബി ജെ പിക്കെതിരെ കോണ്‍ഗ്രസും ഉന്നയിക്കുന്നു. ഇത് സൗഹൃദമത്സരത്തിനുള്ള തെളിവാണിതെന്ന് അദ്ദേഹം ട്വീറ്റില്‍ പരിഹസിച്ചു. പാര്‍ലിമെന്റിനുള്ളില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ മോദിയെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പാര്‍ലിമെന്റിന് പുറത്ത് പറയണമെന്ന് എ എ പി നേതാവ് ആശിശ് ഖേത്തന്‍ പറഞ്ഞു.