Connect with us

Articles

വരാനിരിക്കുന്നത് കൂരിരുട്ടോ?

Published

|

Last Updated

മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന “ആശങ്ക” കേരളത്തെ പിടിച്ചുകുലുക്കിയ നാളുകളില്‍ സംസ്ഥാനത്തെ പ്രധാന നിലയമായ ഇടുക്കിയില്‍ ഉത്പാദനം കൂട്ടിയാണ് അന്നത്തെ “പ്രതിസന്ധി” വൈദ്യുതി ബോര്‍ഡ് നേരിട്ടത്. കേരളത്തിലാകെയും മലയോര മേഖലയില്‍ പ്രത്യേകിച്ചും കത്തിയാളിയ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ കണ്ട പോംവഴിയായിരുന്നു ഈ ഉത്പാദനം കൂട്ടല്‍. തൊട്ടുപിന്നാലെയെത്തിയ വേനലില്‍ കേരളത്തില്‍ പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിംഗും ഏര്‍പ്പെടുത്തേണ്ടി വന്നത് ഇതിന്റെ ബാക്കിപത്രവും. മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിലുമെല്ലാം ജലനിരപ്പ് അതിന്റെ പൂര്‍ണതയിലേക്കെത്തിയ ഘട്ടത്തിലായിരുന്നു ഈ ഇടപെടല്‍. ശക്തമായ മഴയില്‍ നീരൊഴുക്ക് കൂടി അണക്കെട്ടുകള്‍ തുറന്ന് വിടുന്ന തുലാവര്‍ഷ പതിവ് മാറുകയാണ്. സംഭരണികളിലെ ജലനിരപ്പ് ഡിസംബറില്‍ തന്നെ താഴ്ന്നിരിക്കുന്നു. കാലവര്‍ഷവും തുലാവര്‍ഷവും കേരളത്തില്‍ നിന്ന് മാറി നിന്നതിന്റെ പ്രത്യാഘാതം കേരളത്തിന്റെ വൈദ്യുതി മേഖലയിലും ഗുരുതരമായ പ്രതിസന്ധിക്ക് വഴി തുറന്നിരിക്കുന്നു.

മലയാളിയുടെ അന്നം മുട്ടാതിരിക്കണമെങ്കില്‍ ഇതര സംസ്ഥാനങ്ങള്‍ കനിയണം. കേരളം ഇരുട്ടിലാകാതിരിക്കണമെങ്കിലും ഇനി മുതല്‍ ഈ കനിവ് വേണ്ടി വരും. അഞ്ചും ആറും മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗും പവര്‍ക്കട്ടുമുള്ള തമിഴ്‌നാടും കര്‍ണാടകയുമായിരുന്നു പണ്ടൊക്കെ കേരളത്തിലെ തിരഞ്ഞെടുപ്പ് ആയുധം. ഈ സ്ഥിതിയും സാഹചര്യവും മാറുകയാണ്. ഉപഭോഗവും ഉപഭോക്താക്കളും കൂടിയപ്പോള്‍ ആഭ്യന്തര ഉത്പാദനം ആവശ്യകതയുടെ വെറും 30 ശതമാനമായി. ശേഷിക്കുന്ന 70 ശതമാനം കണ്ടെത്തുന്നത് മറ്റിടങ്ങളില്‍ നിന്ന്. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള ഈ വലിയ വിടവ് നികത്താന്‍ പാടുപെടുമ്പോഴാണ് മഴക്കുറവ് ഉണ്ടാക്കുന്ന പ്രതിസന്ധി കേരളത്തിന് മുന്നില്‍ വലിയ ചോദ്യമാകുന്നത്.

മഴ മുഖം തിരിച്ചതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതിയാണ്. ഇത് മൂലം 2292 ദശലക്ഷം യൂണിറ്റിന്റെ ഉത്പാദന കുറവുണ്ടാകുമെന്ന് കണക്ക്. മഴക്കുറവ് മുന്‍കൂട്ടി കണ്ട കെ എസ് ഇ ബി കാലവര്‍ഷ നാളില്‍ തന്നെ ഉത്പാദനം കുറച്ച് ഉള്ളത് വേനലിനായി കാത്തുവെച്ചിരിക്കുകയാണ്. 62 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപയോഗം. കൃത്യമായ കണക്കെടുത്താല്‍ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ഉപയോഗം 62.13 ദശലക്ഷം യൂണിറ്റ് വരും. ഇതില്‍ ഇപ്പോഴും ഉത്പാദനം വെറും 6.5 ദശലക്ഷം യൂണിറ്റ് മാത്രം. ശേഷിക്കുന്ന 55.55 ദശലക്ഷം യൂണിറ്റും പുറത്ത് നിന്ന് വാങ്ങിയാണ് ആവശ്യം നിറവേറ്റിയതെന്ന് ചുരുക്കം. 2033 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സംസ്ഥാനത്തെ എല്ലാ സംഭരണികളിലുമായുള്ളത്.
1935ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യര്‍ തുടങ്ങിയ പള്ളിവാസല്‍ പദ്ധതിയാണ് കേരളത്തിലെ ആദ്യ ജലവൈദ്യുത നിലയം. 37 മെഗാവാട്ടാണ് ഇതിന്റെ സ്ഥാപിത ശേഷി. 780 മെഗാവാട്ട് ശേഷിയുണ്ട് ഇടുക്കി പദ്ധതിക്ക്. ആഭ്യന്തര ഉത്പാദനത്തിന്റെ ഏറിയ പങ്കും നിറവേറ്റുന്ന നിലയം. 40 ശതമാനം വെള്ളമാണ് ഇടുക്കി സംഭരണിയില്‍ നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 708.678 ദശലക്ഷം യൂണിറ്റ് ഉത്പാദനത്തിനുള്ള വെള്ളത്തിന്റെ കുറവ്. സംഭരണി നല്‍കുന്ന ഈ മുന്നറിയിപ്പാണ് ഉത്പാദനം കുറച്ച്, ഉള്ള വെള്ളം വേനലിലേക്ക് കരുതി വെക്കാന്‍ ബോര്‍ഡിനെ നിര്‍ബന്ധിതമാക്കിയത്. പമ്പ, ഇടമലയാര്‍, ഷോളയാര്‍, കക്കി, കുണ്ടള, മാട്ടുപെട്ടി തുടങ്ങിയ സംഭരണികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ ഡാമുകളിലെല്ലാം കൂടിയുള്ള വെള്ളം സംഭരണ ശേഷിയുടെ 48 ശതമാനം മാത്രം.
ഈ സംഭരണികളെ ആശ്രയിച്ച് കഴിയുന്ന പദ്ധതികളില്‍ നിന്ന് ഇനി ആകെ ഉത്പാദിപ്പിക്കാവുന്ന വൈദ്യുതി 1776 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 882.8 ദശലക്ഷം യൂണിറ്റും ഇടുക്കിയില്‍ നിന്നാണ്. ശബരിഗിരിയില്‍ 1.4, ഇടമലയാറിലും ഷോളയാറിലും 0.1, പള്ളിവാസലില്‍ 0.27 ദശലക്ഷം യൂണിറ്റുമാണ് ഇപ്പോഴത്തെ ഉത്പാദനം. കുറ്റിയാടി, പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കൂത്ത്, ചെങ്കുളം, കക്കാട്, കല്ലട, മലങ്കര തുടങ്ങിയ ഹൈഡല്‍ പദ്ധതികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ ആകെ ജല വൈദ്യുതി പദ്ധതികളെടുത്താല്‍ ഇപ്പോഴത്തെ പ്രതിമാസ ശരാശരി ഉത്പാദനം 80.47 ദശലക്ഷം യൂണിറ്റാണ്.

ചെറുകിട പദ്ധതികളില്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയ പോലെയാണ്. കാഞ്ഞിരപ്പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യത്തെ ചെറുകിട വൈദ്യുതി പദ്ധതിയായ ആഢ്യന്‍പാറ ഇതിന് ഒരു ഉദാഹരണം. 2015 ജൂണിലാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്. ഡിസംബറില്‍ ജലലഭ്യത കുറഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ത്തി 2016 ജൂണില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ഏത് നിമിഷവും ഉത്പാദനം നിര്‍ത്തുന്ന സാഹചര്യമാണ്.
അയല്‍ സംസ്ഥാനങ്ങളിലും ഇപ്പോഴത്തെ ആവശ്യം താരതമ്യേന കുറഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ് പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നത്. വേനലിലെ സ്ഥിതി മറിച്ചാകും. കേരളത്തെ പോലെ തന്നെ അയല്‍ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത വര്‍ധിക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ സംഭരണികളില്‍ ഇപ്പോള്‍ കരുതി വെച്ചിരിക്കുന്ന വെള്ളം മതിയാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. രാവിലെ 2562 മെഗാവാട്ടും പകല്‍ 2864 മെഗാവാട്ടും വൈകുന്നേരം 3097 മെഗാവാട്ടുമാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗം. ഫെബ്രുവരിയാകുന്നതോടെ ഇത് ഗണ്യമായി വര്‍ധിക്കും.
വൈദ്യുതി ക്ഷാമം മുന്‍കൂട്ടി കണ്ട് ബോര്‍ഡ് നേരത്തെയുണ്ടാക്കിയ കരാറിലാണ് പ്രതീക്ഷ. വേനല്‍ പ്രതിസന്ധി മറകടക്കാന്‍ കഴിയുമെന്ന സര്‍ക്കാറിന്റെ ആത്മവിശ്വാസവും ഈ കരാറുകളിലാണ്. അപ്പോഴും പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി കൊണ്ടുവരാനുള്ള ലൈന്‍ ശേഷിയുടെ അപര്യാപ്തതയും പ്രതിസന്ധിയായി മുന്നിലുണ്ട്.

2016-17ലേക്ക് 2014ല്‍ തന്നെ കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് 315 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയത് ഹൈഡല്‍ പദ്ധതികളിലെ ഉത്പാദനം കുറക്കാന്‍ ബോര്‍ഡിനെ സഹായിച്ചു. ലഭിച്ച് കൊണ്ടിരിക്കുന്ന 397 മെഗാവാട്ട് വൈദ്യുതിക്കുള്ള മീഡിയം ടേം കരാറിന്റെ കാലാവധി 2017 ഫെബ്രുവരിയില്‍ തീരും. മാര്‍ച്ച് ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്ക് 200 മെഗാവാട്ട് വൈദ്യുതിക്ക് ഷോര്‍ട്‌ടേം കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഒപ്പുവെച്ച കരാറുകള്‍ മുന്‍നിര്‍ത്തി പ്രതിസന്ധിയുണ്ടാകില്ലെന്ന കെ എസ് ഇ ബി ലിമിറ്റഡിന്റെ ആത്മവിശ്വാസത്തില്‍ അമിതഭാരം ഒളിഞ്ഞിരിക്കുന്നുവെന്ന വസ്തുത കാണാതിരിക്കരുത്. പുറത്ത് നിന്ന് കൊണ്ടുവരുന്ന വില കൂടിയ വൈദ്യുതിയുടെ ഭാരം നിരക്ക് വര്‍ധനയായും സര്‍ച്ചാര്‍ജ്ജ് ആയും ഉപഭോക്താക്കളുടെ ചുമലില്‍ വരും.
2012-13ലാണ് മഴക്കുറവ് മൂലം ഇതിന് മുമ്പ് വലിയ പ്രതിസന്ധിയുണ്ടായത്. പുറത്ത് നിന്ന് കിട്ടാവുന്ന വൈദ്യുതിയെല്ലാം വാങ്ങിയും താപനിലയങ്ങളില്‍ ഉത്പാദനം കൂട്ടിയുമാണ് അന്നത്തെ ആവശ്യം നിറവേറ്റിയത്. കായംകുളം നിലയത്തില്‍ നിന്ന് പോലും വില കൂടിയ വൈദ്യുതി വാങ്ങേണ്ടി വന്നു. 2563 കോടി രൂപയാണ് അന്നുണ്ടായ അധിക ചെലവ്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ മൂലം ഒഴുക്കി കളയുന്ന വെള്ളത്തിന്റെ കണക്കും ഈ പ്രതിസന്ധി വേളയില്‍ ചര്‍ച്ചയാകേണ്ടതുണ്ട്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തൊട്ടിയാര്‍, ചാത്തന്‍കോട്ട് നട പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നവയില്‍ പ്രധാനം. മൂന്ന് പദ്ധതികളുടേയും കൂടി സ്ഥാപിത ശേഷി 106 മെഗാവാട്ട് വരും. ഏതാണ്ട് പത്ത് ടി എം സി വെള്ളമാണ് പ്രതിവര്‍ഷം ഇവിടെ നഷ്ടമാകുന്നത്.
നാളെ: കൊച്ചി പഴയ കൊച്ചിയല്ല