എസ്എഫ്‌ഐ പ്രതിഷേധം: എഞ്ചിനീയറിംഗ് പരീക്ഷകള്‍ മുടങ്ങി

Posted on: December 14, 2016 2:33 pm | Last updated: December 14, 2016 at 2:33 pm

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ സെമസ്റ്റര്‍ പരീക്ഷകള്‍ എസ്എഫ്‌ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും മുടങ്ങി. ഒമ്പതു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുകളിലാണ് പരീക്ഷ മുടങ്ങിയത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സിഇടിയിലും ബാര്‍ട്ടണ്‍ഹില്ലിലും പരീക്ഷ തടസപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കാമറാമാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു.

കൊല്ലം ടികെഎം, പാലക്കാട് അകത്തേത്തറ എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയും ചെയ്തു. എഞ്ചിനീയറിംഗ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി വലിയ വിവാദം നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ കമ്പനിയുടെ സോഫറ്റ്‌വെയര്‍ വഴിയാണ് പരീക്ഷ നടത്തുന്നത്. ഇത്തരത്തില്‍ പരീക്ഷ നടത്താന്‍ പാടില്ലെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.