കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന് എതിരെ 450 കോടിയുടെ അഴിമതി ആരോപണം

Posted on: December 13, 2016 5:59 pm | Last updated: December 14, 2016 at 10:06 am

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അഴിമതിക്കുരുക്കില്‍. അരുണാചല്‍ പ്രദേശിലെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് റിജ്ജു 450 കോടി രൂപയുടെ അഴിമതി നടിത്തിയെന്നാണ് ആരോപണമുയര്‍ന്നത്. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഇടപാടില്‍ കിരണ്‍ റിജ്ജുവിന്റെ പങ്ക് വെളിപ്പെടുത്തുന്ന ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍എസ് സുര്‍ജേവാല പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ റിജ്ജു നിഷേധിച്ചു. ഇത്തരത്തില്‍ വാര്‍ത്തകള്‍ നിര്‍മിക്കുന്നവര്‍ അരുണാചലില്‍ എത്തിയാല്‍ ചെരിപ്പൂരി അടിക്കുമെന്നായിരുന്നു അദ്ദേഷത്തിന്റെ പ്രതികരണം.

നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പശ്ചിമ കമേംഗ് ജില്ലാ ഭരണകൂടവും ചേര്‍ന്ന് 450 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്റെ ബന്ധുവായ കോണ്‍ട്രാക്ടര്‍ക്ക് ഫണ്ട് അനുവദിക്കണമെന്ന് റിജ്ജു ഊര്‍ജമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.