ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്താന്‍ പുരുഷോത്തമന്റെ ഒറ്റയാള്‍ സമരം

Posted on: December 11, 2016 3:13 pm | Last updated: December 11, 2016 at 3:13 pm

തേഞ്ഞിപ്പലം: വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്ന ട്രെയിന്‍ യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനും ഏകശബ്ദം പ്രതികരണ വേദി ചെയര്‍മാനുമായ എം പി പുരുഷോത്തമന്റെ ഒറ്റയാള്‍ സമരം. ഇന്നലെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു സമരം.

അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും റെയില്‍വേ സ്‌റ്റേഷന് തെക്കുഭാഗത്തായി നിര്‍മിച്ച പുതിയ അടിപ്പാത യാത്രക്കാര്‍ക്ക് ഉപകാരപ്രദമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ റെയില്‍പാത ഉയര്‍ത്തിയപ്പോള്‍ ഒന്നാം പ്ലാറ്റ് ഫോം പാതയ്ക്ക് സമാനമായത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കിയത്. ട്രെയിന്‍ ഇറങ്ങുന്നതും കയറുന്നതും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഒരു യാത്രക്കാരന്റെ മരണത്തിനും നിരവധി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇതു കാരണമായി.
യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ് ഫോം ഉയര്‍ത്തണമെന്ന ആവശ്യം വ്യാപകമായിട്ടും റെയിവേ നടപടിയെടുത്തില്ല. സമരത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കാനായി തയ്യാറാക്കിയ നിവേദനത്തില്‍ നൂറുകണക്കിന് യാത്രക്കാര്‍ ഒപ്പുവച്ചു. മനുഷ്യാവകാശ ദിനത്തില്‍ സംഘടിപ്പിച്ച സമരം യു. കലാനാഥന്‍ ഉദ്ഘാടനം ചെയ്തു. ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശോഭന, ടി പ്രഭാകരന്‍, ബാബു പള്ളിക്കര, എം കേശവന്‍, പി പി അബ്ദുറഹ്മാന്‍, ടി ഉദയകുമാര്‍, രാജേഷ് അമ്പാട്ട് സംസാരിച്ചു.