Connect with us

Malappuram

കാടിന്റെ മക്കളുമായി സൗഹൃദപ്പോര്; പോരാട്ടത്തില്‍ പോലീസ് ജയിച്ചു

Published

|

Last Updated

കാളികാവ് പോലീസ് ടീമും ചോക്കാട് സ്പാര്‍ക്ക് ടീമും തമ്മില്‍ മത്സരത്തില്‍ പഞ്ചായത്ത് പ്രസി. വി പി എ നാസര്‍ കളിക്കാരുമായി പരിചയപ്പെടുന്നു

കാളികാവ്: ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ജനകീയ പോലീസിന്റെ പുതിയ മുഖവുമായി കാളികാവ് പോലീസ്. കാല്‍പന്ത് കളിയിലൂടെ സൗഹൃദം വളര്‍ത്തിയാണ് ആദിവാസി വിഭാഗങ്ങളെ കുടുതല്‍ അടുപ്പിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിരിക്കുന്നത്.
പള്ളിശ്ശേരിയില്‍ നടന്ന ജനകീയ ഫുട്‌ബോള്‍ മത്സരത്തില്‍ പോലീസ് ടീമും ചോക്കാട് 40 സെന്റ് ആദിവാസി കോളനിയിലെ സ്പാര്‍ക്ക് ടീമും ഉശിരന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് കളി അവേശമായി.

മാവോയിസ്റ്റ് അക്രമവും ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര ഗ്രാമങ്ങളില്‍ ആദിവാസികളുടെ സഹകരണം പോലീസിന് അനിവാര്യമാണ്. ചികിത്സാ സഹായങ്ങളും കുടിവെള്ള പദ്ധതികളും ഉള്‍പ്പടെയുള്ളവ ആദിവാസികള്‍ക്ക് വേണ്ടി പോലീസ് നടപ്പിലാക്കിയിരുന്നു.
ചങ്ങാത്തത്തില്‍ കഴിയുന്ന ആദിവാസി വിഭാഗത്തെ കൂടുതല്‍ അടുപ്പിക്കാന്‍ സൗഹൃദ ഫുട്‌ബോളിനായി. ചോക്കാട് സ്പാര്‍ക്കിന് വേണ്ടി ക്യാപ്റ്റന്‍ നിശാന്തിന്റെ നേതൃത്വത്തില്‍ വൈശാഖ്, രമേശ്, ശ്രീജിത്ത്, രാഹുല്‍, ഷിബു, രാജേഷ്, കണ്ണന്‍ എന്നിവര്‍ മികച്ച കളി പുറത്തെടുത്തെങ്കിലും പോലീസ് ടീമാണ് ജയിച്ചത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി കെ ലിജിന്‍, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് ചോക്കാട് സ്പാര്‍ക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അടിയറവ് വെപ്പിച്ചത്.
ആദിവാസി വിഭാഗങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചതെന്ന് കാളികാവ് എസ് ഐ. സുരേഷ് ബാബു കെ പി പറഞ്ഞു;
വിജയികള്‍ക്ക് കാളികാവ് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ട്രോഫി പഞ്ചായത്ത് പ്രസി. വി പി എ നാസര്‍ ട്രോഫി സമ്മാനിച്ചു. കളിയില്‍ വിജയിച്ചെങ്കിലും സൗഹാര്‍ദ്ദത്തിന്റെ ഭാഗമായി ട്രോഫി സ്പാര്‍ക്ക് ടീമിന് നല്‍കി പോലീസ് മാതൃക കാണിച്ചു.

 

Latest