ഭൂചലനം: ഇന്തോനേഷ്യയില്‍ അരലക്ഷത്തോളം പേര്‍ ഭവനരഹിതരായി

Posted on: December 10, 2016 10:14 pm | Last updated: December 10, 2016 at 10:14 pm
ഭൂകമ്പത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നവര്‍

ജക്കാര്‍ത്ത: കനത്ത ഭൂചലനം അനുഭവപ്പെട്ട ഇന്തോനേഷ്യയില്‍ അരലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ 100 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്ത് 43,000 പേര്‍ ഭവനരഹിതരായിട്ടുണ്ട്. യഥാര്‍ഥ കണക്ക് ഇതിലും അധികമാകും. ദുരന്തനിവാരണ സംഘം രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ കഠിന പ്രയത്‌നം നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പിദിയെ ജയ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം സജീവമാണ്. ഇവിടെ 245 കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളില്‍ പതിനായിരങ്ങള്‍ അഭയാര്‍ഥികളായിട്ടുണ്ട്. ഇവിടേക്ക് മാനുഷിക സഹായമെത്തിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്.