Connect with us

International

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു

Published

|

Last Updated

ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നതിനായി പാര്‍ലിമെന്റിലേക്ക് വരുന്ന പാര്‍ക് ഗ്യൂന്‍

സിയൂള്‍: അഴിമതി ആരോപണം നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹെയെ പാര്‍ലിമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലിമെന്റില്‍ സ്വന്തം പാര്‍ട്ടി പ്രതിനിധികള്‍ പോലും പാര്‍ക്കിനെതിരെ വോട്ട് ചെയ്തു. 234 പേരും പാര്‍ക്കിനെതിരെ വോട്ട് ചെയ്തപ്പോള്‍ കേവലം 56 പേരാണ് രാജ്യത്തിന്റെ പ്രഥമ വനിത പ്രസിഡന്റിനെ അനുകൂലിച്ചത്. പ്രധാനമന്ത്രി ഹുവാംഗ് ക്യോ അഹ്ന്‍ ഇടക്കാല പ്രസിഡന്റായി. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാകാതെ പുറത്ത് പോകുന്ന ആദ്യത്തെ പ്രസിഡന്റ് എന്ന നാണിക്കേടിന്റെ ചരിത്രം പാര്‍ക്കിന്റെ പേരിലായി.

തോഴിയും വിശ്വസ്തയുമായ ചോയ് സൂണ്‍ സില്ലിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ക് അവസരം നല്‍കിയെന്നും ഇത് വന്‍ അഴിമതിക്ക് കാരണമായെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. ചോയ് നടത്തിയ അഴിമതിയില്‍ പാര്‍ക്കിന് പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചത്. ചോയിക്കെതിരായ ആരോപണം തെളിയുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പാര്‍ക്കിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം ഇംപീച്ച്‌മെന്റോടെ ശാന്തമായി തുടങ്ങി. രണ്ടാം തവണയും രാജ്യത്തോട് മാപ്പ് ചോദിച്ച പാര്‍ക്കിനോട് പൊറുക്കാന്‍ ജനങ്ങളും പാര്‍ലിമെന്റും തയ്യാറായില്ല. തനിക്ക് അബദ്ധം പറ്റിപ്പോയെന്നും ശ്രദ്ധയില്ലായ്മയാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണമായതെന്നും പാര്‍ക്ക് വ്യക്തമാക്കിയിരുന്നു.
പ്രക്ഷോഭവും പിന്നാലെ കോടതി വിധിയും വന്നതോടെ പാര്‍ക്ക് രാജി സന്നദ്ധത അറിയിച്ചിരുന്നു.

എന്നാല്‍ ഇംപീച്ച്‌മെന്റ് തന്നെ വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മറ്റ് പാര്‍ട്ടികളും പാര്‍ക്കിന്റെ തന്നെ പാര്‍ട്ടിയിലെ നേതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം, ആറ് മാസത്തിന് ശേഷമായിരിക്കും പാര്‍ക്കിനെ ഔദ്യോഗികമായി പുറത്താക്കുക. പാര്‍ലിമെന്റിന്റെ തീരുമാനം ഭരണഘടന കോടതി അംഗീകരിച്ചാല്‍ മാത്രമെ ഇംപീച്ച്‌മെന്റ് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയുള്ളൂ. ഇത് ആറ് മാസത്തെ കാലാവധി വേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രക്ഷോഭം ശക്തമായാല്‍ പുറത്താകല്‍ നേരത്തെ ആകാനും ഇടയുണ്ട്. അതേസമയം, സ്വന്തം പാര്‍ട്ടിലുള്ളവര്‍ പോലും അനുകൂലിക്കാതിരുന്നതോടെ പാര്‍ക്കിന്റെ രാഷ്ട്രീയ ഭാവിയും ആശങ്കയിലായിട്ടുണ്ട്.

Latest