മുന്‍ഗണനാ വിഭാഗത്തിനും നോണ്‍ പ്രയോറിറ്റി വിഭാഗത്തിനും നവംബറിലെ റേഷന്‍ 15 വരെ

Posted on: December 9, 2016 1:50 pm | Last updated: December 9, 2016 at 1:50 pm

പാലക്കാട്: നവംബറിലെ റേഷന്‍ വിഹിതം ഡിസംബര്‍ 15 വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ഇന്നു മുതലും നോണ്‍ പ്രയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നാളെ മുതലും സംസ്ഥാനത്ത് അരി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍കട ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാലക്കാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ് സി ഐയിലെ കയറ്റിറക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരം മൂലമാണ് റേഷന്‍ കടകളില്‍ അരിയും മറ്റ് ഉത്പന്നങ്ങളും എത്താന്‍ വൈകിയതെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അവര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കുന്നതിന് കടയുടമകള്‍ ശ്രദ്ധിക്കണം. വരുന്ന 14ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും റേഷന്‍ കട ഉടമകളുടെ പ്രതിനിധികളും സപ്ലൈ ഓഫീസറും ജില്ലാ കളക്ടറും ഉള്‍പ്പെട്ട ഉദ്യോഗസ്ഥതല യോഗം ചേരും. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടവരുടെയും, അനര്‍ഹരുടെയും പുതിയ പട്ടിക തയ്യാറാക്കി റേഷന്‍ കട ഉടമകള്‍ യോഗത്തിന് മുമ്പ് കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അര്‍ഹരായ നിരവധിപേര്‍ ലിസ്റ്റിന് പുറത്താണെന്നും ഇത് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകുന്നതായും സംഘടനാ ഭാരവാഹികള്‍ അറിയിച്ചതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ദേവപ്രസാദ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളായ ഡി അജിത്കുമാര്‍, വി പി ജയപ്രകാശ്, ശിവദാസ് വേലിക്കാട്, കെ രാധാകൃഷ്ണന്‍, കെ രാമചന്ദ്രന്‍, അബ്ദുള്‍സത്താര്‍ കെ എം എന്നിവര്‍ സംസാരിച്ചു.