Connect with us

International

ആസ്‌ത്രേലിയ ബില്‍ ഇംഗ്ലീഷ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും

Published

|

Last Updated

വെല്ലിംഗ്ടണ്‍: ജോണ്‍ കിയുടെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് ബില്‍ ഇംഗ്ലീഷ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. പാര്‍ലിമെന്റിലെ 58 നാഷനല്‍ പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റേയും പിന്തുണ ഉറപ്പുവരുത്താന്‍ ഇംഗ്ലീഷിനായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രബല വിഭാഗം തിങ്കളാഴ്ച യോഗം ചേര്‍ന്ന് കിയുടെ പിന്‍ഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

എട്ട് വര്‍ഷമായി കിയുടെ വിശ്വസ്തനായ ഉപ പ്രധാനമന്ത്രിയായിരുന്നു ഇംഗ്ലീഷ്. ധനകാര്യ മന്ത്രിയായിരിക്കെ നടത്തിയ മികച്ച പ്രവര്‍ത്തനവും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ 54കാരനായ ഇംഗ്ലീഷിന് പ്രധാനമന്ത്രിയാകാനുള്ള വ്യക്തിപ്രഭാവമില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചത് ഇംഗ്ലീഷായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കി തന്നെ മത്സരിക്കുമെന്ന് പരക്കെ കരുതിയിരുന്നുവെങ്കിലും തിങ്കളാഴ്ചയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കി സ്ഥാനം രാജിവെച്ചത്.

രാജ്യത്തെ പരമോന്നത് പദത്തിലിരുന്നുതന്നെ രാജിവെക്കാന്‍ ആഗ്രഹിച്ചുവെന്നും ഇനിയുള്ള സമയം കുടുംബത്തിനൊപ്പം ചെലവിടുമെന്നും കി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അടുത്ത പ്രധാനമന്ത്രിയായി ഇംഗ്ലീഷിന്റെ പേര് അദ്ദേഹം പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.