Connect with us

International

ദക്ഷിണ കൊറിയന്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച തുടങ്ങി; വോട്ടെടുപ്പ് ഇന്ന്‌

Published

|

Last Updated

പാര്‍ക്ക് ഗ്യൂന്‍ ഹെ

സിയൂള്‍: അഴിമതി ആരോപണത്തില്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹെയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച തുടങ്ങി.
പാര്‍ലിമെന്റിന്റെ പ്ലീനറി സെഷനിലാണ് അവിശ്വാസം പ്രമേയം കൊണ്ടുവന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇങ്ങനെ വന്നാല്‍ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ പ്രമേയം വോട്ടിനിടമെന്നണ് ചട്ടം. നിലവിലെ പാര്‍ലിമെന്റ് സെഷന്‍ സമ്മേളനം ഇന്ന് തീരുന്നതിനാല്‍ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. 300 അംഗ പാര്‍ലിമെന്റിന്റെ മൂന്ന് രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ അവിശ്വാസം പാസ്സാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 172 അംഗങ്ങളാണുള്ളത്. ഇതിന് പുറമെ പ്രസിഡന്റിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശമുയരുന്ന സാഹചര്യത്തില്‍ വിമതര്‍ അവിശ്വാസത്തെ പിന്തുണക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.അവിശ്വാസം പസ്സായാല്‍ 180 ദിവസത്തിനുള്ളില്‍ കോടതിയാണ് മറ്റു നടപടികള്‍ തീരുമാനിക്കുക. അവിശ്വാസം പാസ്സാകുന്നതോടെ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെങ്കിലും തത്സ്ഥാനത്ത് തുടരാന്‍ പ്രസിഡന്റിന് സാധിക്കും. എന്നാല്‍

ഈ കാലയളവില്‍ പൂര്‍ണ ചുമതലകള്‍ വഹിക്കാന്‍ പ്രസിഡന്റിന് സാധിക്കില്ല. ഇംപീച്ച്‌മെന്റ് നടപടി കോടതി അംഗീകരിക്കുന്നത് വരെ പ്രധാനമന്ത്രിക്കായിരിക്കും പ്രസിഡന്റിന്റെ താത്കാലിക ചുമതല.
ഭരണ കാര്യങ്ങളില്‍ പ്രസിഡന്റിന്റെ തോഴിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായ ചോയി സൂണ്‍സില്‍ നടത്തിയ വഴിവിട്ട കാര്യങ്ങള്‍ ഏറെ വിവാദമായിരുന്നു. ഈ വിവാദ നടപടിയില്‍ പ്രസിഡന്റിനും പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞതോടെ പ്രസിഡന്റിന്റെ രാജിക്കായി വന്‍ പ്രക്ഷോഭമാണ് രാജ്യത്തുടനീളം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലിനായി പ്രസിഡന്റ് ഹാജരാകാത്തത് പ്രതിഷേധം ആളിക്കത്താന്‍ ഇടയായി.

ദക്ഷിണ കൊറിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായ പാര്‍ക്ക് ഗ്യൂന്‍ ഹെ ഇംപീച്ച് നടപടി നേരിടുന്ന രണ്ടാമത്തെ പ്രസിഡന്റാണ്. 2004ല്‍ റോ മു ഹ്യൂവിനെതിരെയാണ് ഇതിന് മുമ്പ് ഇംപീച്ച് ചെയ്തത്.പാര്‍ക്കിനെതിരെ ഉയര്‍ന്ന് വന്ന അഴിമതി ആരോപണത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് മൂന്ന് തവണ പ്രസിഡന്റ് കുറ്റസമ്മതവുമായി രംഗത്തെത്തിയിരുന്നു. തന്റെ ശബ്ദം എഡിറ്റ് ചെയ്താണ് തോഴി അനിധികൃത കാര്യങ്ങള്‍ ചെയ്തതെന്നും ചോയി ഉള്‍പ്പെട്ട ക്രിമിനല്‍ നടപടിയില്‍ തനിക്ക് പങ്കില്ലന്നും അവര്‍ തുറന്നടിച്ചിരുന്നു.
പാര്‍ക്കിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ 78 ശതമാനം ആളുകള്‍ അനുകൂലിക്കുന്നുണ്ടെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു. 2018 ഫെബ്രുവരി വരെയാണ് നിലവിലെ അവരുടെ കാലാവധി.

---- facebook comment plugin here -----

Latest