Connect with us

Kasargod

ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന സ്വര്‍ണം തട്ടുന്ന സംഘം സജീവമാകുന്നു

Published

|

Last Updated

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധന നടപടിക്കുപിറകെ അനധികൃത സ്വര്‍ണവും പിടികൂടുമെന്ന പ്രചാരണം ശക്തമായിരിക്കെ അവസരം മുതലെടുക്കാന്‍ തട്ടിപ്പുവീരന്‍മാരും രംഗത്തിറങ്ങി. അനധികൃതസ്വര്‍ണം പിടികൂടാനെന്ന വ്യാജേന ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീടുകള്‍ കയറിയിറങ്ങുന്ന സംഘം കാസര്‍കോട്ട് സജീവമായിക്കഴിഞ്ഞു.

ഇത്തരം സംഘങ്ങളുടെ വിളയാട്ടം വലിയ തോതില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്ക് തലവേദനയാവുകയാണ്. യഥാര്‍ഥ ഉദ്യോഗസ്ഥരാണെന്ന് കരുതി വീട്ടുകാര്‍ പരിശോധനക്ക് അനുവദിക്കുകയും ചെയ്യുന്നു. ഇന്നലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ടംഗ സംഘം കാസര്‍കോട് ചെങ്കളയിലെ വീട്ടില്‍ പരിശോധന നടത്തുകയും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് നിയമവിരുദ്ധമായ തരത്തിലാണെന്നുപറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുപറഞ്ഞ് പകുതി സ്വര്‍ണവും കൈക്കലാക്കിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ഈ സ്വര്‍ണത്തിന് പകരം കുറച്ച് പണം ഇവര്‍ വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു. തങ്ങളുടെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചയാണിതെന്നും ഇനി അനധികൃതമായി സ്വര്‍ണം സൂക്ഷിച്ചാല്‍ മുഴുവന്‍ സ്വര്‍ണവും പിടികൂടുമെന്നും തട്ടിപ്പുകാര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് മറ്റു മൂന്ന് വീടുകളിലെത്തിയ സംഘം വീട്ടില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള സ്വര്‍ണ്ണത്തിന്റെ അളവ് കൃത്യമായി ചോദിച്ചറിയുകയും പിന്നീട് വരുമ്പോള്‍ സ്വര്‍ണം കാണിക്കണമെന്നാവശ്യപ്പെട്ട് തിരികെ പോവുകയും ചെയ്തു. ഇതിനിടെ സംശയം തോന്നിയ ചിലര്‍ ആദായനികുതി വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പരിശോധനക്ക് ഇപ്പോള്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

Latest