മിഷേലിന്റെ ഇഷ്ട വജ്രാഭരണ മോഡലും പ്രദര്‍ശനത്തിന്

Posted on: December 8, 2016 7:25 pm | Last updated: December 8, 2016 at 7:25 pm

ദുബൈ: മിഷേല്‍ ഒബാമയുടെ ഇഷ്ട ആഭരണ മോഡലും ദുബൈ ഇന്റര്‍നാഷണല്‍ ജ്വല്ലറി വീക്കില്‍. ഇന്നലെ ആരംഭിച്ച ആഭരണ പ്രദര്‍ശന മേളയിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പത്‌നിക്കായി പ്രത്യേകം രൂപ കല്‍പന ചെയ്ത, പൂര്‍ണമായും വജ്രത്തില്‍ തീര്‍ത്ത കാതിലണിയുന്ന ആഭരണം മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഭരണ നിര്‍മാതാക്കളായ യോക്കോ ഗ്രൂപ്പാണ് ഈ ആഭരണം പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ളത്. മിഷേലിന്റെ ഇഷ്ട പ്രകാരം പ്രത്യേകം രൂപകല്‍പന ചെയ്ത ആഭരണം ആസ്‌ട്രേലിയയില്‍ നിന്നും എത്തിക്കുന്ന പ്രത്യേകതരം വജ്രത്തിലാണ് നിര്‍മിച്ചിട്ടുള്ളത്.

ഇതിന്റെ രൂപകല്‍പന മിഷേലിനായി തയ്യാര്‍ ചെയ്തതാണെങ്കിലും ഈ ആഭരണ മോഡലിന് കൂടുതല്‍ ജനപ്രീതിയാര്‍ജിച്ചതോടെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചെടുക്കുകയാണെന്ന് യോക്കോ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അലന്‍ ഹാകിമിയാന്‍ പറഞ്ഞു. മിഷേലിന്റെ ഇഷ്ട രൂപകല്‍പനയില്‍ തീര്‍ത്ത ഈ വജ്രാഭരണത്തിന് 74,400 ദിര്‍ഹമാണ് വില.