Connect with us

Articles

ദ്രാവിഡ നന്മകള്‍ സ്വാംശീകരിച്ച ഭരണാധികാരി

Published

|

Last Updated

ദ്രാവിഡ രാഷ്ട്രീയം ചരിത്ര രചനകളില്‍ ഇനിമേല്‍ ജയലളിതക്ക് മുന്‍പും ശേഷവും എന്ന് നിരീക്ഷിക്കപ്പെട്ടെക്കാം. എം ജി ആറിനു ശേഷമാണ് തമിഴ് രാഷ്ട്രീയത്തില്‍ അനിഷേധ്യയായി വളര്‍ന്നതെങ്കിലും ഇന്നത്തെ തമിഴ് രാഷ്ട്രീയ രസതന്ത്രനിര്‍മിതി പൂര്‍ണമായും ജയലളിത എന്ന ഉരുക്ക് വനിതയുടെ മാത്രം ക്രെഡിറ്റില്‍പ്പെടുന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ പെണ്‍കരുത്ത് എന്ന് വിളിക്കാവുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മാത്രമായിരുന്നു . കാരണം മായാവതി മുതല്‍ സോണിയാഗാന്ധി തുടങ്ങി മമതാ ബാനര്‍ജി വരെയുള്ള സ്ത്രീ സാന്നിധ്യങ്ങള്‍ പിറവിയറിയിച്ചപ്പോഴേക്കും ജയലളിത ജനാധിപത്യത്തില്‍ ഏകാധിപത്യവും രാജാധിപത്യവും കണ്ടെത്തി അനിഷേധ്യയായി മാറിയിട്ടുണ്ടായിരുന്നു .

മുഖ്യമന്ത്രിയായിരിക്കെ 1987ല്‍ എം ജി ആര്‍ മരിച്ചതോടെ പാര്‍ട്ടിയില്‍ അധികാര വടംവലി ആരംഭിച്ചു. എം ജി ആറിന്റെ പാരമ്പര്യം അവകാശപ്പെട്ട് ഭാര്യ ജാനകിയും ഇദയക്കനിയായ ജയലളിതയും രണ്ടു ചേരികളില്‍ നിലയുറപ്പിച്ചതോടെ തൊട്ടടുത്ത വര്‍ഷം പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇതു മുതലെടുത്ത് 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡി എം കെ അധികാരത്തിലെത്തി. പിന്നീട് രാഷ്ട്രീയരംഗത്തുനിന്ന് ജാനകി രാമചന്ദ്രന്‍ പിന്‍മാറിയതോടെ എ ഐ എ ഡി എം കെ ജയലളിതയുടെ സ്വന്തം സാമ്രാജ്യമായി മാറി.
എം ജി രാമചന്ദ്രനോടൊപ്പം അനേകം ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത അദ്ദേഹത്തിന്റെ ഉറ്റവരിലൊരാളായി മാറിയത് പെട്ടെന്നായിരുന്നു. എം ജി ആറിന്റെ എ ഐ എ ഡി എം കെയില്‍ 1980ല്‍ അംഗമായി ജയലളിത രാഷ്ട്രീയജീവിതം ആരംഭിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പലരുടെയും നെറ്റി ചുളിഞ്ഞു. എന്നാല്‍ അവര്‍ക്കെതിരായ വ്യക്തമായ ചേരിതിരിവ് പാര്‍ട്ടിക്കുള്ളിലുണ്ടാവുന്നത് എംജിആര്‍ അസുഖം മൂലം യു എസ്സില്‍ ചികിത്സക്കായി പോയപ്പോഴാണ്. ജയയുടെ രാഷ്ട്രീയ വളര്‍ച്ച പെട്ടെന്നായിരുന്നു. എം ജി ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. എഐ ഡി എം കെയുടെ നേതൃസ്ഥാനം നോട്ടമിട്ടാണ് ജയ രാജ്യസഭാ എം പി സ്ഥാനം രാജിവെച്ചത്.

1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡി എം കെ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഡിഎം കെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ മേധാശക്തിക്ക് കീഴിലാക്കാന്‍ ജയക്ക് കഴിഞ്ഞു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി. എന്നാല്‍ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണകാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എ ഐ ഡി എം കെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്‌റ് ചെയ്യപ്പെട്ടു. ജയക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു.

2001ലെ തിരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന അവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചത്. എങ്കിലും എ ഐ ഡി എം കെ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചത് നാല് മാസം നീണ്ടുനിന്ന നിയമയുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയക്ക് യോഗ്യതയില്ലെന്ന് 2001 സെപ്തംബറില്‍ സുപ്രിം കോടതി വിധിച്ചതോടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.

മൂന്ന് തവണ മുഖ്യമന്ത്രിയായ ജയലളിത തമിഴ്ജനതയുടെ പൊതുവികാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മികവ് തെളിയിച്ച രാഷ്ട്രീയ നേതാവായിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചൂതാട്ടത്തിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന് ജയലളിത പ്രഖ്യാപിക്കുകയായിരുന്നു. അനധികൃ സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ശക്തമായിത്തന്നെ നിന്നിരുന്നുവെങ്കിലും ഇതിനെയെല്ലാം പിന്തള്ളിക്കൊണ്ടായിരുന്നു 2016ല്‍ നാലാംതവണയും പുരൈട്ചി തലൈവി മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.

മലയാളി പൊതുബോധം ഒട്ടൊക്കെ പുച്ഛത്തോടെ മാത്രം വിലയിരുത്തുന്നതാണ് തമിഴക രാഷ്ട്രീയം. ശരാശരി മലയാളിക്ക് ആക്ഷന്‍ സിനിമകള്‍ പോലെ അനുഭവപ്പെട്ട തമിഴ് രാഷ്ട്രീയത്തിന്റെ മാനുഷിക മറുവശം കാണാനാവാതെ പോയി എന്നതാണു സത്യം. അതുകൊണ്ടു മാത്രമാണ് അവിടുത്തെ രാഷ്ട്രീയ ചലനങ്ങളെ ജയ മാജിക്, കരുണാനിധി മാജിക് തുടങ്ങിയ ഉപരിപ്ലവമായ രാഷ്ട്രീയ സംജ്ഞകളിലൂടെ നമ്മള്‍ വിലയിരുത്തിയത്. കടുത്ത പകപോക്കലുകള്‍ക്കും അഴിമതികള്‍ക്കുമിടയിലും തമിഴ് രാഷ്ട്രീയം കാത്തുസൂക്ഷിച്ച മനുഷ്യപക്ഷത്തു നില്‍ക്കുന്ന ഭരണകൂട നടപടികള്‍ എക്കാലത്തെയും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടിയിരിക്കുന്നു.

പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി വലിയ സബ്‌സിഡി നല്‍കിക്കൊണ്ട് ജയലളിത സ്ഥാപിച്ച “അമ്മ ഉണവകം” എന്ന ഭോജനശാലകള്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷമായിക്കാണും. സാമ്പാറും ചമ്മന്തിയും സഹിതം ഒരു രൂപക്ക് ഒരു ഇഡ്ഡലി. നാലു രൂപക്ക് പ്രാതല്‍ കുശാല്‍. തമിഴ് ജീവിതത്തിന്റെ ഭാഗമായ തൈര് ചേര്‍ത്ത ചോറിന് മൂന്നു രൂപ. 10 രൂപക്ക് നല്ല വെജിറ്റേറിയന്‍ ഊണ്. നാലു ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമടക്കം ആറു രൂപക്ക് അത്താഴം. വെറും 20 രൂപക്ക് മൂന്നു നേരം വിശപ്പകറ്റാം. ഭോജനശാലക്ക് നല്ല വൃത്തിയും വെടിപ്പും. തെരുവോരങ്ങളിലും ചേരികളിലുമൊക്കെ ജീവിക്കുന്ന പരമദരിദ്രര്‍ അമ്മ ഉണവകങ്ങളില്‍ നിന്ന് ആഹാരം കഴിച്ച് തൃപ്തിയോടെ അവിടെയുള്ള ജയലളിതയുടെ ഫോട്ടോക്കു മുന്നില്‍ കൈകൂപ്പി പുറത്തിറങ്ങുന്നത് ഇന്ത്യന്‍ പ്രായോഗിക രാഷ്ട്രീയത്തിലെ ഒരപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു.

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സബ്‌സിഡികളില്‍ നിന്നും ഭരണകൂടങ്ങള്‍ മാറിനില്‍ക്കണമെന്ന ആധുനിക മുതലാളിത്ത സിദ്ധാന്തത്തിനുള്ള ശക്തമായ പ്രായോഗികവത്കരിച്ച രാഷ്ട്രീയ മറുപടിയായിരുന്നു ജയലളിതയുടെ പാവപ്പെട്ടവര്‍ക്കുള്ള ഊട്ടുപുരകള്‍. പൊതുഖജനാവിനു നഷ്ടമുണ്ടാക്കുന്ന ഇത്തരം കൈയടി പദ്ധതികള്‍ വിപരീത ഫലം ചെയ്യുമെന്ന വിമര്‍ശനം ചില രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉയര്‍ന്നപ്പോള്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയാണ് ജയ അതിനെ നേരിട്ടത്. വ്യവസായ, കാര്‍ഷിക, വാണിജ്യ മേഖലകളില്‍ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ നികുതിവരുമാനം കൂടിവരികയാണെന്നും അതിലൊരു പങ്ക് പാവങ്ങളുടെ വിശപ്പകറ്റാന്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്ന അവരുടെ മറുപടി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നായിരുന്നു.
തമിഴ് ജനതയുടെ മണ്ണിലും വിയര്‍പ്പിലും രക്തത്തിലും അലിഞ്ഞുചേര്‍ന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ നന്മകളില്‍ ചിലത് അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വാംശീകരിക്കുന്നുണ്ട്. വോട്ടിനു വേണ്ടിയാണെങ്കിലും പാവങ്ങള്‍ക്ക് കുറഞ്ഞ വിലക്കും സൗജന്യമായും ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളുമൊക്കെ നല്‍കാന്‍ അവര്‍ മത്സരിക്കുന്നത് അതുകൊണ്ടാണ്. അക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ജയലളിതക്കു സാധിച്ചു എന്നതു മാത്രമാണ് അവരുടെ വിജയരഹസ്യമെന്നും വിലയിരുത്തുന്നതില്‍ തെറ്റുണ്ടാവില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് ഫ്രീ ആയി സൈക്കിള്‍. പ്ലസ് ടു കഴിയുന്നവര്‍ക്ക് ലാപ്‌ടോപ്. ഗവണ്‍മന്റ് ആശുപത്രിയില്‍ ജനിക്കുന്ന ഒരു കുട്ടിക്ക് സോപ്പ്, പൗഡര്‍, കുട്ടിയുടുപ്പ്, ടവല്‍, നാപ്കിന്‍, ഓയില്‍, ഷാമ്പു മുതല്‍ ഒരു നവജാത ശിശുവിനു വേണ്ട സകലതും അമ്മ ബോണ്‍ ബേബി കിറ്റ് എന്ന പദ്ധതി വഴി സര്‍ക്കാര്‍ ചിലവില്‍ നല്‍കും. ഗവണ്‍മന്റ് ജോലി ഉള്ള സ്ത്രീ ആണ് പ്രസവിക്കുന്നതെങ്കില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ജോലിയില്‍ നിന്നും വിട്ട് കുട്ടിയോടൊപ്പം നിന്നു കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടില്‍ എത്തും. ജനിക്കുന്നത് പെണ്‍ കുഞ്ഞാണെങ്കില്‍ വിവാഹ ചിലവിനായി 50,000 രൂപ ധനസഹായം മുതല്‍ കെട്ടു താലി വരെ ഗവണ്‍മന്റ് വക.

ഒരുപക്ഷേ, കാശ്മീരികള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ എറ്റവും കൂടുതല്‍ രാഷ്ട്രീയമായി അരക്ഷിതമായ ജനത തമിഴ് നാട്ടുകാരാണ് . തനിക്കു ശേഷം പ്രളയം എന്നു ചിന്തിക്കുന്നവരെ വ്യക്തിപൂജ ചെയ്യുന്നവര്‍ക്ക് തമിഴ്‌നാട് ഒരു പാഠമാണ് എന്നും ഈ ഘട്ടത്തില്‍ പറയേണ്ടി വരും . കാരണം, ഇപ്പോഴത്തെ അവസ്ഥയില്‍ എ ഐ ഡി എം കെ വിദൂരമല്ലാത്ത ഭാവിയില്‍ പിളരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പനീര്‍സെല്‍വവും, പളനിസ്വാമിയും ഒക്കെ വേറെ വേറെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള സാധ്യതകളാണ് ഏറെ. ശശികല വേറൊരു ഗ്രൂപ് ആകുമോ അതില്ലെങ്കില്‍ പനീര്‍ ശേല്‍വത്തിനെ പിന്തുണക്കുമോ കാത്തിരുന്നു കാണേണ്ടതുണ്ട് . ഇതിനിടെ ഈ കലങ്ങുന്ന വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഏതൊക്കെ ദേശീയ പാര്‍ട്ടികള്‍ വരും എന്നറിയില്ല. എന്നാലും ദ്രാവിഡ മണ്ണ് വര്‍ഗീയ രാഷ്ട്രീയത്തിന് പാകപ്പെട്ടതല്ലെന്നു പ്രത്യാശിക്കുക.

---- facebook comment plugin here -----

Latest