അടിപതറുമ്പോള്‍ അഭയകേന്ദ്രമാക്കിയത് കേരളത്തിലെ ക്ഷേത്രങ്ങളെ

Posted on: December 6, 2016 3:54 am | Last updated: December 6, 2016 at 1:56 am
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ജയലളിത സന്ദര്‍നത്തിനെത്തിയപ്പോള്‍  (ഫയല്‍ ചിത്രം)
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ജയലളിത സന്ദര്‍നത്തിനെത്തിയപ്പോള്‍
(ഫയല്‍ ചിത്രം)

കണ്ണൂര്‍: ഏത് പ്രതിസന്ധിഘട്ടത്തിലും ജയലളിത അഭയമാക്കിയത് കേരളത്തിലെ ക്ഷേത്രങ്ങളെയായിരുന്നു.തികഞ്ഞ ഈശ്വര വിശ്വാസിയായ അവര്‍ കേരളത്തിലെ മൂന്നുക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകള്‍ അടുത്ത കാലത്തുവരെ മുടക്കാറില്ലായിരുന്നു.എല്ലാ രാഷ്ട്രീയ നേതക്കളേയും പോലെ തന്നെ ജീവിതത്തില്‍ ഏറെ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട രാഷ്ട്രീയ നേതാവായതില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ജ്യോത്സ്യന്‍മാരുമായുള്ള വലിയ അടുപ്പവും അവര്‍ക്കുണ്ടായിരുന്നു.പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ എന്ന ജ്യോത്സ്യനുമായുള്ള ബന്ധമാണ് ജയലളിതക്ക് കേരളത്തിലെ ക്ഷേത്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്.ഗുരവായൂരിലും ആലത്തൂരിലും തളിപ്പറമ്പിലുമാണ് ജയലളിത പ്രധാനമായും സന്ദര്‍ശനം നടത്തി വലിയ വഴിപാടുകള്‍ നടത്തിയത്. 2001ലാണ് ജയലളിത മുഖ്യമന്ത്രിയാകുമെന്ന് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍ പ്രവചനം നടത്തുന്നത്. ക്രിമിനല്‍ കേസുമൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവചിച്ചതു പോലെ എ ഡി എം കെ സര്‍ക്കാര്‍ 2002ല്‍ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നു. ജയലളിത എം എല്‍ എ ആവാതെ മുഖ്യമന്ത്രിയുമായി. ഉണ്ണികൃഷ്ണപണിക്കര്‍ അന്ന് പ്രവചിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനക്കായി ജയലളിത കേരളത്തില്‍ ആദ്യം എത്തുന്നത്.ആദ്യമെത്തിയത് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു.

സന്ദര്‍ശനത്തിനോടൊപ്പം അന്ന് ജയലളിത ഗുരുവായൂരില്‍ ഒരു ആനയെ നടയ്ക്ക് ഇരുത്തുകയും ചെയ്തു. ഗുരുവായൂരില്‍ ആനയെ നടയ്ക്കിരുത്തിയ ശേഷം ആലത്തിയൂര്‍ ഹനുമാന്‍ കാവിലാണ് ജയലളിത സന്ദര്‍ശനം നടത്തിയത്. രണ്ടേ കാല്‍ ലക്ഷം രൂപയുടെ തങ്കക്കിരീടവും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 1,05,000 രൂപയും അന്ന് ജയലളിത നല്‍കി. ഇതോടെയാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം ഏറെ പ്രശസ്തമായത്. ഹനുമാന്‍ ക്ഷേത്രം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.തിരൂരില്‍ നിന്ന് പിന്നീട് ജയലളിത യാത്ര ചെയ്തത് തളിപറമ്പിലേക്കാണ് തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രമാണ് ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ മറ്റൊരു ക്ഷേത്രം. ഇവിടെ രാത്രിയിലാണ് ജയലളിതയെത്തിയത്. പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല. സ്ത്രീകള്‍ രാത്രിയില്‍ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴണമെന്നാണ് വ്യവസ്ഥ. രാത്രി എട്ടുമണിക്ക് ശേഷമാണ് ക്ഷേത്രത്തിനകത്ത് തൊഴാന്‍ സംവിധാനമൊരുക്കിയത്.

എന്നാല്‍ ക്ഷേത്രത്തിന്റെ പുറം കവാടത്തിനകത്തുകൂടി വാതില്‍പ്പടി കടന്ന് അകത്ത് കയറാന്‍ ജയലളിതക്ക് പ്രയാസം നേരിടുമെന്നതിനാല്‍ പടി പൊളിച്ചുമാറ്റിയാണ് ക്ഷേത്രത്തിനകത്തേക്ക് കയറാന്‍ സൗകര്യമൊരുക്കിയത്. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണെന്ന നിലയില്‍ പിന്നീട് വിമര്‍ശങ്ങള്‍ക്കും വഴിയൊരുക്കി.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം കോഴിക്കോട്ടെത്തിയ ജയലളിത അന്ന് അവിടെ തങ്ങുകയും ചെയുതു.ജയലളിതക്കൊപ്പം അവരുടെ അന്നത്തെ തോഴി ശശികലയാണുണ്ടായിരുന്നത്.പഴുതടച്ച സുരക്ഷയാണ് അന്ന് ഏര്‍പ്പെടുത്തിയത്.മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേര്‍ക്ക് ഒരു പുഞ്ചിരിസമ്മാനിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ജയലളിത രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശന നടത്തിയിയതിനു പിന്നാലെ തമിഴ്‌നാട് സ്വദേശിയായ വ്യവസായി മാരിയപ്പന്‍ ചെട്ടിയാര്‍ ശിവസുന്ദരമെന്ന ആനയെ ക്ഷേത്രത്തില്‍ നടക്കിരുത്തുകയും ചെയ്തിരുന്നു.പിന്നീട് 2004ല്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ജയലളിത പതിനായിരം രൂപയുടെ പാല്‍പ്പായസ വഴിപാടും നടത്തി.സന്ദര്‍ശനം നടത്തിയില്ലെങ്കിലും ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ പാര്‍വതിക്കു ചാര്‍ത്താന്‍ കാഞ്ചീപുരം പട്ടും ജയലളിത വഴിപാടായി പിന്നീട് നല്‍കിയിരുന്നു. പ്രത്യേക ദ്യൂതന്‍ മുഖേനയാണ് ജയലളിത പട്ട് ക്ഷേത്രത്തില്‍ എത്തിച്ചത്.കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും വഴിപാടുകള്‍ നടത്തിയിരുന്നു .ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ത്രില്‍ വള്ള സദ്യ വഴിപാട് ഉള്‍പ്പടെയുള്ളവയ്ക്ക് അന്ന് അപേക്ഷ നേര്‍ന്നിരുന്നു.കേരളത്തിലെ ജ്യോതിഷ പണ്ഡിതരുടെ നിര്‍ദ്ദേശപ്രകാരം ജയലളിത എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അവസാനം ഒരു എ അധികമായി ചേര്‍ത്തതും ചര്‍ച്ചാ വിഷയമായിരുന്നു.കേരളത്തിനു പുറത്തും ജയലളിത പതിവായി സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളുണ്ട്. തിരുച്ചെണ്ടൂര്‍ മുരുക ക്ഷേത്രം ജയലളിത സ്ഥിരമായി സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് .ഇവിടുത്തെ ശത്രു സംഹാര പൂജ പ്രശസ്തമാണ്.മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രവും ജയലളിതയുടെ ഇഷ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. മൈസൂരിന് സമീപത്തെ മേലുകോട്ടയാണ് ജയലളിതയുടെ ജന്മസ്ഥലം.