Connect with us

National

ഹൃദയവേദന താങ്ങാനാവാതെ തമിഴ് ജനത

Published

|

Last Updated

ചെന്നൈ: തമിഴ് ജനതയുടെ ഹൃദയത്തില്‍ അമ്മയായി സ്ഥാനംപിടിച്ച ജയലളിതയുടെ വിയോഗത്തില്‍ തമിഴ്‌നാട് ഒന്നടങ്കം കണ്ണീരണിയുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ മരണവാര്‍ത്ത വിശ്വസിക്കാനാകാതെ അലമുറയിടുന്ന ആളുകളെയാണ് അപ്പോളോ ആശുപത്രിക്കും പരിസരത്തും കാണാനാകുന്നത്. തികച്ചും ഹൃദയഭേദകമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍.

ജയലളിതയെ കഴിഞ്ഞ സ്‌പെതംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവരുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിച്ച് വരികയായിരുന്നു തമിഴ്‌നാട്ടുകാര്‍. തങ്ങളുടെ ഒരു ബന്ധു ആശുപത്രിയില്‍ പ്രവശേിപ്പിക്കപ്പെട്ടത് പോലെ ദിനേന അവര്‍ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ എത്തി വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഞായറാഴ്ച വൈകീട്ട് ജയലളതിയുടെ ആരോഗ്യം വഷളായതോടെ എല്ലാം മറന്ന് അവര്‍ ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടി. കാണുന്നവരോടൊക്കെ അമ്മയുടെ സൗഖ്യത്തിനായി പ്രാര്‍ഥിക്കണമന്ന് അവര്‍ കരളുരുകി കേണു. ഇന്നലെ ആശുപത്രി പരിസരത്ത് ആഹ്മാഹുതി ശ്രമം വരെ ഉണ്ടായി. ജയലളിതയുടെ അസുഖ വാര്‍ത്ത ടെലിവിഷനില്‍ കണ്ട ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാവങ്ങളെ സ്‌നേഹിച്ച നേതാവായിരുന്നു ജയലളിത. വിവാദങ്ങളില്‍ തുടരെത്തുടരെ അകപ്പെട്ടപ്പോഴും പാവപ്പെട്ടവരുടെ ഹൃദയത്തില്‍ അവര്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. അമ്മ ഹോട്ടലുകളില്‍ തുടങ്ങി അമ്മ സിമന്റ് വരെ നീളുന്ന ഒരുപിടി ജനകീയ പദ്ധതികള്‍ അവര്‍ തമിഴ് ജനതക്ക് സമ്മാനിച്ചു. ചുരുങ്ങിയ ചെലവില്‍ ഭക്ഷണവും വെള്ളവും വസ്ത്രവുമെല്ലാം നല്‍കിയ ജയലളിത അങ്ങനെ അവരുടെ ഇഷ്ടപാത്രമായി മാറുകയായിരുന്നു.

തമിഴ് ജനതയുടെ വൈകാരിക പ്രകടനങ്ങള്‍ അതിരുവിടുമെന്നത് മുന്നില്‍ കണ്ട് ഇന്നലെ ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായത് മുതല്‍ തന്നെ തമിഴ്‌നാട്ടില്‍ എല്ലായിടത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആശുപത്രി പരിസരത്തേക്കുള്ള എല്ലാ വഴികളും അടച്ചു. പെട്രോള്‍ പമ്പുകളും കടകമ്പോളങ്ങളും അടച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടഞ്ഞു. കേന്ദ്ര സേനയെ വിന്യസിച്ചാണ് പലയിടങ്ങളിലും സുരക്ഷ ഒരുക്കിയത്. സമീപ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.