പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് 22കാരന്‍ ഹാക്ക് ചെയ്തു

Posted on: December 2, 2016 11:18 pm | Last updated: December 2, 2016 at 11:18 pm

javed-khatriമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്പ് 22കാരന്‍ ഹാക്ക് ചെയ്തു. മുംബൈയിലെ മൊബൈല്‍ ആപ്പ് ഡെവലപ്പറായ ജാവേദ് ഖത്രിയാണ് പ്രധാനമന്ത്രിയുടെ ആപ്പ് ഹാക്ക് ചെയ്തത്. എന്നാല്‍ ആപ്പ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഇതെന്ന് യുവാവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആപ്പിലെ വന്‍ സുരക്ഷാ പാളിച്ച ശ്രദ്ധയില്‍പെടുത്താനാണ് താന്‍ ആപ്പ് ഹാക്ക് ചെയ്തതെന്ന് ജാവേദ് പറഞ്ഞു.

എഴുപത് ലക്ഷം പേരാണ് പ്രധാനമന്ത്രിയുടെ ആപ്പ് ഇതിനകം ഡൗണ്‍ലോഡ് ചെയ്തതത്. ഇവരുടെ ഇമെയില്‍ വിലാസം ഉള്‍പ്പെടെ വിവരങ്ങള്‍ ആപ്പില്‍ നിന്ന് തനിക്ക് ലഭിച്ചുവെന്ന് യുവാവ് അവകാശപ്പെടുന്നു. കേന്ദ്ര മന്ത്രിമാരുടെ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങളും ആപ്പില്‍ നിന്ന് ചോര്‍ത്താന്‍ സാധിച്ചുവത്രെ. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആപ്പിലെ ഈ സുരക്ഷാ പഴുത് നീക്കം ചെയ്യപ്പെട്ടുവെന്ന് ജാവേദ് പിന്നീട് അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഔദ്യോഗിക ട്വിറ്റര്‍ വിലാസങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട വാര്‍ത്തകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ ആപ്പിലെ സുരക്ഷാ വീഴ്ചയും വാര്‍ത്തയാകുന്നത്.