Connect with us

Sports

മറികടക്കാനുള്ളത് 33 വര്‍ഷമായി ഇളകാത്ത റെക്കോര്‍ഡുകള്‍

Published

|

Last Updated

മലപ്പുറം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ കൊടിയേറുമ്പോള്‍ താരങ്ങള്‍ക്ക് മറികടക്കാന്‍ മുന്നിലുള്ളത് പഴക്കമുള്ള നിരവധി റെക്കോര്‍ഡുകള്‍. 33 വര്‍ഷമായി ഇളക്കം തട്ടാത്ത റെക്കോര്‍ഡുകള്‍ വരെ നാളെ ട്രാക്കിലിറങ്ങുന്ന പുതിയ പ്രതിഭകള്‍ക്ക് മുന്നിലുണ്ട്. ട്രാക്കിലും ഫീല്‍ഡിലുമെല്ലാം ഭേദിക്കാന്‍ പഴയ റെക്കോര്‍ഡുകള്‍ ഒട്ടനവധിയുണ്ട്. സാധാരണ ട്രാക്കില്‍ നിന്ന് സിന്തറ്റിക് ട്രാക്കിലേക്ക് താരങ്ങളെത്തുമ്പോള്‍ പുതിയ റെക്കോര്‍ഡുകളും കായിക കേരളം പ്രതീക്ഷിക്കുന്നുണ്ട്.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേയിലാണ് ഏറ്റവും പഴക്കമുള്ള റെക്കോര്‍ഡ് നിലവിലുള്ളത്. 1983ല്‍ നടന്ന കായിക മേളയില്‍ 51.78 സെക്കന്‍ഡില്‍ ഓടിയെത്തി കണ്ണൂര്‍ ജില്ലാ ടീമാണ് ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്. ജാവലിന്‍ ത്രോയിലെ റെക്കോര്‍ഡ് നേട്ടത്തിന് 32 വര്‍ഷത്തെ പഴക്കമുണ്ട്. 1984ല്‍ കണ്ണൂര്‍ ഗവ. വി എച്ച് എസ് എസിലെ ഷിനി വര്‍ഗീസിന്റെ പേരിലുള്ളതാണ് ഈ റെക്കോര്‍ഡ്. 41.42 മീറ്ററാണ് ദൂരം. സബ്ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100, 200 മീറ്റര്‍ ഓട്ടത്തിലും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകളുണ്ട്. 29 വര്‍ഷം മുമ്പ് കണ്ണൂര്‍ ജി വി എച്ച് എസ് എസിലെ സിന്ധു മാത്യുവിന്റെ പേരിലുള്ള ഈ രണ്ട് റെക്കോര്‍ഡുകളും ഇനിയും തിരുത്തിയിട്ടില്ല. 100 മീറ്ററില്‍ 12.70 സെക്കന്‍ഡിലും 200 മീറ്ററില്‍ 26.30 സെക്കന്‍ഡ് വേഗതയിലും ഓടിയെത്തിയാണ് സിന്ധു റെക്കോര്‍ഡിട്ടത്.

1983ല്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ ജി വി എച്ച് എസ് എസിലെ ഷെര്‍ലി മാത്യു 12.10 സെക്കന്‍ഡില്‍ ഒന്നാമതെത്തി നേടിയ റെക്കോര്‍ഡും 28 വര്‍ഷമായി ഭേദിക്കപ്പെട്ടിട്ടില്ല. ഇതേ വിഭാഗത്തിലെ തന്നെ 4×100 മീറ്റര്‍ റിലേയില്‍ ഇതേ സ്‌കൂളിലെ ടീം സ്വന്തമാക്കിയ റെക്കോര്‍ഡും ഇതുവരെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. 49.30 സെക്കന്‍ഡാണ് വേഗത. 1988ല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രാംകുമാര്‍ നൂറ് മീറ്ററില്‍ സ്ഥാപിച്ച 10.90 സെക്കന്‍ഡ് നേട്ടവും 1986ല്‍ ഇതേ സ്‌കൂളിലെ സജി പി എസ് 200 മീറ്ററില്‍ സ്വന്തമാക്കിയ 22.40 സെക്കന്‍ഡ് എന്ന നേട്ടവും നാളെ ഞായറാഴ്ച കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മറികടക്കാനായാല്‍ അത് വലിയൊരു വഴിത്തിരിവായി മാറും. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ബി രശ്മി 1990ല്‍ നേടിയ 5.28 മീറ്ററെന്ന ദൂരം താണ്ടാല്‍ പുതിയ താരോദയങ്ങളെ കാത്തിരിക്കുകയാണ് കായിക പ്രേമികള്‍.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലും 80 മീറ്റര്‍ ഹര്‍ഡില്‍ എന്നിവയില്‍ 1993ല്‍ ടി ത്വാലിബ് സ്വന്തം പേരില്‍ കുറിച്ച റെക്കോര്‍ഡുകള്‍ക്കും പുതിയ അവകാശികള്‍ ഇനിയുമുണ്ടാകേണ്ടതുണ്ട്. 200 മീറ്ററില്‍ 23.70 സെക്കന്‍ഡ് വേഗവും ഹര്‍ഡില്‍സില്‍ 11 സെക്കന്‍ഡുമാണ് താലിബ് കുറിച്ചത്. ഇതേ വിഭാഗത്തില്‍ 100 മീറ്ററിലെ റെക്കോര്‍ഡിനും 12 വര്‍ഷത്തെ പഴക്കമുണ്ട്. 2004ല്‍ കോട്ടയത്തിന്റെ വിഷ്ണു എന്‍ ജിയാണ് 11.40 സെക്കന്‍ഡ് വേഗതയില്‍ ഫിനിഷ് ചെയ്ത് നേട്ടമുണ്ടാക്കിയത്.

 

Latest