കൊടിഞ്ഞി ഫൈസല്‍ വധം; പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന ആവശ്യം ശക്തം

Posted on: December 1, 2016 12:30 pm | Last updated: December 1, 2016 at 12:30 pm
SHARE

kodinhi-faisal-murderതിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് യു എ പി എ ചുമത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസലിനെ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ 19ന് പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ എട്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയ പ്രധാന പ്രതികളടക്കം ആറുപേരെ കൂടി പിടികൂടാനുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം.

ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഇതിലെ ഗൂഢാലോചനയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മതസ്പര്‍ധ ഇളക്കിവിടും വിധത്തിലുള്ള ഗൂഢാലോചനയും കൊലപാതകവുമാണ് പ്രതികള്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രതികള്‍ക്കെതിരെ യു എപി എ ചുമത്തണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് ഐ എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡന്റ് സിപി അബ്ദുല്‍വഹാബ് ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കൂടാതെ യൂത്ത്‌ലീഗ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിയും ഫൈസല്‍ കൊലപാതകം ആക്ഷന്‍ കമ്മിറ്റിയും പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഗുഢാലോചന നടത്തിയ നന്നമ്പ്ര മേലേപുറത്തെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിനെതിരെ നടപടി വേണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നു. ഇതിന് മുമ്പും ഇവിടെ പല ഗൂഢാലോചന യോഗങ്ങളും നടന്നതായി നാട്ടുകാര്‍ പറയുന്നു. ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ പിടികൂടാനുള്ള വ്യക്തി തിരൂര്‍ യാസിര്‍ വധക്കേസിലെ പ്രധാന പ്രതിയാണെന്നതും സംഭവത്തിലെ ഗൗരവത്തെയാണ് തെളിയിക്കുന്നത്. എന്നാല്‍ പ്രധാന പ്രതികളെന്ന പേരില്‍ ആര്‍ എസ് എ സ് ചില ഡമ്മികളെ പോലീസിന് മുന്നില്‍ ഹാജറാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കൊല്ലപ്പെട്ട ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നുവെങ്കിലും കുടുംബത്തിലേയും മറ്റുമുള്ള എല്ലാവരുമായി നല്ല സൗഹാര്‍ദത്തില്‍ കഴിയുകയും സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. ഫൈസല്‍ കൊല്ലപ്പെടുമ്പോള്‍ ഏഴ് ലക്ഷം രൂപയിലേറെ കടബാധ്യതയുണ്ട്. ഫൈസല്‍ വധത്തില്‍ അറസ്റ്റിലായ സഹോദരി ഭര്‍ത്താവായ പുല്ലാണി വിനോദിന് വീട് വെച്ചുകൊടുത്ത ഇനത്തിലാണ് ഈ സാമ്പത്തിക ബാധ്യതയുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here