പാസ്‌പോര്‍ട്ട് ഉടമയുടെ വിദേശയാത്ര റദ്ദാക്കാന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് അവകാശമില്ലെന്ന് കോടതി

Posted on: December 1, 2016 11:42 am | Last updated: December 1, 2016 at 11:42 am

Passport-NXSwYമുംബൈ: പാസ്‌പോര്‍ട്ട് ഉടമയുടെ വിദേശത്തേക്കുള്ള യാത്ര റദ്ദാക്കാന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് അധികാരമില്ലെന്ന് ബോംബൈ ഹൈക്കോടതി. പത്ത് വര്‍ഷത്തിന് പകരം ഒരു വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിച്ചതിനെതിരെ ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരനായ സമീത് രജനി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വി എം ഖനാദ ഉത്തരവ് പുറപ്പെടുവിച്ചത്. മുമ്പ് അനുവദിച്ച ഒരു വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടിന്
പകരം പത്ത് വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കണമെന്നും കോടതി പാസ്‌പോര്‍ട്ട് അധികൃതരോട് ഉത്തരവ് നല്‍കി.

ഒരു പാസ്‌പോര്‍ട്ട് ഉടമക്ക് തൊഴിലിനായൊ, വാണിജ്യ ആവശ്യത്തനായോ വിദേശ രാജ്യങ്ങളില്‍ പോകാമെന്നും ഇത് മൗലികാവകാശമാണെന്നുമുള്ള സുപ്രീം കോടതി വിധി ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പാസ്‌പോര്‍ട്ട് ഉടമയുടെ വിദേശ യാത്രയെ വിലക്കാന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് അവകാശമില്ലെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

പരാതിക്കാരനായ രജനി വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നേരിടുന്നുണ്ട്. ഇത് കാരണം പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ട് അധികൃതര്‍ അനുവദിച്ചെങ്കിലും പത്ത് വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമീത് ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.