തിരക്കേറിയ സ്ഥലങ്ങളില്‍ പിടിച്ചുപറി പതിവാക്കിയ സഹോദരിമാര്‍ പിടിയില്‍

Posted on: November 29, 2016 7:41 pm | Last updated: November 30, 2016 at 11:59 pm
പിടിച്ചുപറിക്കിടെ പൂനൂരില്‍ പിടിയിലായ സഹോദരിമാര്‍
പിടിച്ചുപറിക്കിടെ പൂനൂരില്‍ പിടിയിലായ സഹോദരിമാര്‍

താമരശ്ശേരി: ആശുപത്രികളും തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ച് പിടിച്ചുപറി പതിവാക്കിയ സഹോദരിമാര്‍ പൂനൂരില്‍ പിടിയില്‍. പാലക്കാട് ഒലവക്കോട് മുണ്ടക്കല്‍ സുനിത(24), സഹോദരി വാസന്തി(22) എന്നിവരെയാണ് പൂനൂര്‍ ഇശാഅത് ഹോസ്പിറ്റല്‍ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം.

ചികിത്സക്കായി എത്തിച്ച കൈ കുഞ്ഞിന്റെ കഴുത്തിലെ സ്വര്‍ണമാലയാണ് ഇവര്‍ പിടിച്ചു പറിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് മാതാവ് വിവരം അറിയുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ഇരുവരെയും ആശുപത്രി ജീവനക്കക്കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നേരത്തെ പിടിച്ചുപറിക്കിടെ പിടിയിലായതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. പാണ്ടിക്കാട് നിന്നും പിടിയിലായ ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പിടിച്ചുപറിക്കിറങ്ങിയത്. മഞ്ചേരി കോടതിയില്‍ ഇവര്‍ക്കെതിരെ രണ്ട് പിടിച്ചുപറി കേസ് നിലവിലുണ്ട്.

കോഴിക്കോട് വെസ്റ്റ് ഹില്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ വാടക വീട്ടില്‍ താമസിച്ചാണ് പിടിച്ചുപറി നടത്തുന്നത്. ഇവര്‍ക്കൊപ്പം ഒരു ബാലികയും ഉണ്ടായിരുന്നതായി സംശയിക്കുന്നു. ഇരുവരെയും പേരാമ്പ്ര കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു.