ദുബൈ സ്ട്രീറ്റ് മ്യൂസിയത്തിന് ശൈഖ് മുഹമ്മദിന്റെ അംഗീകാരം

Posted on: November 29, 2016 7:29 pm | Last updated: December 5, 2016 at 5:14 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് സ്ട്രീറ്റ് മ്യൂസിയം പദ്ധതി മോന ഗാനിം അല്‍ മര്‍റി വിശദീകരിക്കുന്നു
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് സ്ട്രീറ്റ് മ്യൂസിയം പദ്ധതി മോന ഗാനിം അല്‍ മര്‍റി വിശദീകരിക്കുന്നു

ദുബൈ: ദുബൈയുടെ സവിശേഷ വ്യക്തിത്വവും മൂല്യങ്ങളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന ദുബൈ തെരുവോര കലാ മ്യുസിയത്തിന് യുഎ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുമതി നല്‍കി.

ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാന്‍ഡ് ദുബൈക്കാണ് ചുമതല. ദുബൈ നഗരസഭയുടെ സഹകരണത്തോടെയാകും ദുബൈ സ്ട്രീറ്റ് മ്യൂസിയം സ്ഥാപിക്കുക. കലാകാരന്മാര്‍ക്ക് സൃഷ്ടികള്‍ യഥേഷ്ടം പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുണ്ടാകും. ദുബൈയെ തുറന്ന കലാ പ്രദര്‍ശന കേന്ദ്രമാക്കുമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹത്തയായിരിക്കും ദുബൈ സ്ട്രീറ്റ് മ്യൂസിയത്തിന്റെ മുഖ്യകേന്ദ്രം. ഡിസംബര്‍ രണ്ടിന് ഇതിന്റെ ആദ്യ സംരംഭം ദുബൈയില്‍ തുടങ്ങും. 16 കലാകാരന്മാര്‍ 16 കെട്ടിടങ്ങള്‍ അലങ്കരിക്കും.

അതേസമയം യു എ ഇയുടെ പുരോഗതിയില്‍ സ്വകാര്യ മേഖല മുഖ്യപങ്കുവഹിക്കുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ജെ ബി ആറിലെ ‘ദ വാക്കി’ല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ശൈഖ് മുഹമ്മദ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രികളും ക്ലിനിക്കുകളും തുടങ്ങുന്നതില്‍ സ്വകാര്യ മേഖല മികച്ച പങ്കാണ് വഹിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ഇമാറാത്തികളായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ മുതല്‍കൂട്ടായി മാറും. ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് നല്‍കിയും വിദേശത്തേക്ക് അയച്ചുമൊക്കെ മികച്ച പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ദ വാക്കി’ല്‍ മിറാസ് ആരംഭിച്ച വാലിയന്റ് ക്ലിനിക്കും ലാ വില്‍ ഹോട്ടലും അദ്ദേഹം സന്ദര്‍ശിച്ചു. അമേരിക്ക കേന്ദ്രമായുള്ള ഹൂസ്റ്റണ്‍ മെതേഡിസ്റ്റ് ഹെല്‍ത് കെയറാണ് ക്ലിനിക് നടത്തുന്നത്.