വൈദ്യുതി മേഖലയിലും സബ്‌സിഡി വേണ്ടെന്ന്

Posted on: November 29, 2016 5:18 am | Last updated: November 29, 2016 at 6:19 pm
SHARE

SIRAJസബ്‌സിഡികള്‍ ദരിദ്രര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നത് ഉള്‍പ്പെടെ ഊര്‍ജ രംഗത്ത് കാതലായ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് നിതി ആയോഗ്. ഊര്‍ജരംഗത്തെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ വൈദ്യൂതി വിതരണ കമ്പനികളെ സ്വകാര്യവത്കരിക്കുക, വൈദ്യുതി രംഗത്ത് വിലനിര്‍ണയം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊളളുന്നതിന് വൈദ്യുതി റെഗുലേറ്റര്‍മാര്‍ക്ക് സ്വതന്ത്ര സ്വഭാവം നല്‍കുക, പാചകവാതകസബ്‌സിഡി ഗുണഭോക്താക്കളുടെ ബേങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്ന രീതി നടപ്പാക്കുക, വൈദ്യുതിയുടെ വില വിപണി നിര്‍ണയിക്കുന്ന രീതിയിലേക്ക് മാറ്റുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. ഇവ നടപ്പാക്കിയാല്‍ വൈദ്യുതി മോഷണം ഉള്‍പ്പെടെ വിതരണരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു.

3,78,000 കോടി രൂപയുടെ സബ്‌സിഡിരാജ്യം നല്‍കുന്നുണ്ടെങ്കിലും ഇതില്‍ വൈദ്യുതി സബ്‌സിഡി മാത്രമാണ് ദരിദ്രര്‍ക്ക് ഗുണം ചെയ്യുന്നതെന്ന് 2015-ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെച്ചു സംസാരിക്കവെ ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി വെളിപ്പെടുത്തിയതാണ്. രാജ്യത്തെ സാധാരണന് വേണ്ടി നടപ്പിലാക്കിയിരുന്ന മറ്റു സ്ബസിഡികളെല്ലാം ഒന്നൊന്നായി നിര്‍ത്തലാക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തു. വൈദ്യുതി സബ്‌സിഡിയും നിര്‍ത്തലാക്കിയാല്‍ ദരിദ്രവിഭാഗത്തിന് അവശേഷിച്ച ഏക സബ്‌സിഡിയും നഷ്ടമാകുകും. വാര്‍ഷിക വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്കും സബ്‌സിഡികള്‍ എടുത്തുകളയുക എന്നതാണ് സര്‍ക്കാറിന്റെ നയം. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ യു പി എ സര്‍ക്കാറാണിത് ഈ നയത്തിന് തുടക്കമിട്ടത്. പാചക വാതകം ഒഴിച്ചുള്ള പെട്രോളിയം ഉത്പന്നങ്ങള്‍, റേഷന്‍ സാധനങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ തുടങ്ങിയ വസ്തുക്കള്‍ക്കുള്ള സബ്‌സിഡികള്‍ ഇതിനികം നിര്‍ത്തലാക്കി.

പാചകവാതക സബ്‌സിഡി ബി പി എല്‍ കുടുംബങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതകത്തിന്റെ വില അടിക്കടി ഉയര്‍ത്തി ഈ ആനുകൂല്യവും നഷ്ടമാക്കിക്കൊണ്ടിരിക്കയാണ്. അടുത്തിടെയായി എല്ലാ മാസവും സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വില ചെറിയ തോതില്‍ വര്‍ധിപ്പിച്ചു വരുന്നുണ്ട്. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള അഞ്ച് മാസങ്ങള്‍ക്കിടയില്‍ ആറ് തവണയാണ് വില വര്‍ധിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും സബ്‌സിസിഡി നിര്‍ത്തലാക്കാന്‍ ഇതേ മാര്‍ഗം തന്നെയായിരുന്നു സര്‍ക്കാര്‍ പ്രയോഗിച്ചത്.
മണ്ണെണ്ണയുടെ സബ്‌സിഡിയും നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണ്. വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ അളവ് ഓരോ മൂന്നു മാസം കൂടുമ്പോഴും അഞ്ച് ശതമാനവും ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായും അളവില്‍ കുറവ് വരുത്തുന്നതും നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതിക്കു കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചതമെല്ലാം ഇതന്റെ ഭാഗമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മണ്ണെണ്ണ വിതരണത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തുകയും ചെയതിരുന്നു. പാചകവാതക ഉപഭോഗം വ്യാപകമായതും മലിനീകരണവുമാണ് ഇതിന് അധികൃതര്‍ പറയുന്ന ന്യായീകരണം.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഊര്‍ജം ലഭ്യമാക്കുകയാണ് പുതിയ നിര്‍ദേശങ്ങള്‍ വഴി ലക്ഷ്യമാക്കുന്നതെന്നാണ് നിതി ആയോഗ് പറയുന്നത്. നിലവില്‍ രാജ്യത്തിന്റെ മൊത്തം നിര്‍മിത ഉത്പന്നങ്ങളുടെ 79 ശതമാനവും ഇടത്തരം ചെറുകിട മേഖലയുടെ സംഭാവനയാണ്. ഇവര്‍ക്ക് ചെലവുകുറഞ്ഞ നിലയില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആഗോളതലത്തില്‍ മത്സരക്ഷമത ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് നിതി ആയോഗ് വിലയിരുത്തുന്നു. ലക്ഷ്യം നല്ലത് തന്നെ. എന്നാല്‍ ഇത് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും നല്‍കിവരുന്ന സ്ബസിഡിയും ആനുകൂല്യങ്ങളും നിര്‍ത്തലാക്കി തന്നെ വേണോ? എല്ലാ വീടുകളിലും മിതമായ നിരക്കില്‍ വൈദ്യുതി എത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന് കടകവിരുദ്ധമാണിത്.

വൈദ്യുതി ബോര്‍ഡുകളുടെ പ്രതിസന്ധിക്ക് മുഖ്യകാരണം പ്രസരണ നശഷ്ടവും അഴിമതിയും പിടിപ്പുകേടും ഭീമമായി കുടിശ്ശികകയുമാണ്. ഉദ്പാദന രംഗത്ത് വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്തതും പല നിര്‍മാണങ്ങളും അനന്തമായി നീളുന്നതുമാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കും നഷ്ടത്തിനും കാരണമെന്ന് ഇതിനിടെ വൈദ്യുതി മന്ത്രി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രത്തിന്റെ ചില നയങ്ങളും സംസ്ഥാന വൈദ്യുത ബോര്‍ഡുകളെ പ്രതികൂലമയി ബാധിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 15 ശതമാനം കേന്ദ്രപൂളിലേക്ക് നല്‍കണമെന്ന പുതിയ വൈദ്യുതി നയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യത്തില്‍ കൈവെക്കാതെ വൈദ്യുത മേഖല ലാഭകരമാക്കാകുന്നതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here