നഗ്രോട്ട ഭീകരാക്രമണം: നാല് ഭീകരരെ വധിച്ചു; രണ്ട് സൈനികര്‍ക്കും ജീവഹാനി

Posted on: November 29, 2016 10:24 am | Last updated: November 29, 2016 at 6:58 pm

nagrota-army_650x400_41480386571

ശ്രീനഗര്‍: കാശ്മീരിലെ നഗ്രോട്ടയില്‍ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം നടത്തിയ നാല് ഭീകരരെ വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവന്മാര്‍ക്ക് ജീവഹാനിയും സംഭവിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്.

സൈന്യത്തിന്റെ 16 കോര്‍ വിഭാഗത്തിന്റെ ആസ്ഥാനമായ നഗ്രോട്ട സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് എറിഞ്ഞാണ് ഭീകരര്‍ ആദ്യം ആക്രമണം നടത്തിയത്. ക്യാമ്പിന് സമീപമുള്ള കെട്ടിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പ്രതിരോധ വിഭാഗം പിആര്‍ഒ മനീഷ് മെഹ്ത അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

അതിനിടെ, ജമ്മു കാശ്മീരിലെ സാംബയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. ഇവിടെ മൂന്ന് ഭീകരരെ വധിച്ചിട്ടുണ്ട്.