വിപ്ലവ സൂര്യന്‍ ഇനി ഓര്‍മ്മ; ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി

Posted on: November 26, 2016 8:45 pm | Last updated: November 27, 2016 at 5:11 pm

castro_0ഹവാന: ക്യൂബന്‍ വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ഫിദല്‍ കാസ്‌ട്രോ (90) അന്തരിച്ചു. സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10.29നാണ് വാര്‍ത്ത പുറംലോകമറിയുന്നത്. മരണ കാരണം റൗള്‍ വ്യക്തമാക്കിയില്ല. സംസ്‌കാരം ശനിയാഴ്ച തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ നാല് വരെ ഔദ്യോഗിക ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാലിന് സാന്റിയാഗോ ഡി ക്യൂബയിലെ സാന്റ ഇഫിജനിയ സെമിത്തേരിയില്‍ ചാരം അടക്കം ചെയ്യും. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്യൂബന്‍ സ്വാതന്ത്ര്യ സമര നേതാവ് ജോസ് മാര്‍ട്ടി ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 2006 ഓടെ തന്നെ കാസ്‌ട്രോ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് ഏറെക്കുറെ വിരമിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റൗള്‍ കാസ്‌ട്രോയെ അധികാരമേല്‍പ്പിച്ച് വിശ്രമജീവിതം നയിച്ചുതുടങ്ങിയിരുന്നു. യു എസിന് തൊട്ടുതാഴെ കമ്മ്യൂണിസ്റ്റ് രാജ്യം സ്ഥാപിച്ച് അഞ്ച് പതിറ്റാണ്ട് കാലമാണ് കാസ്‌ട്രോ ക്യൂബയുടെ പരമാധികാരിയായിരുന്നത്. പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം ഫിദല്‍ കാസ്‌ട്രോ പ്രതിനിധികളെ അഭിസംബോധന ചെയ്തിരുന്നു.
1926ല്‍ ക്യൂബയിലെ തെക്കു കിഴക്കന്‍ പ്രവിശ്യയിലാണ് ഫിദല്‍ അലെജാന്‍ഡ്രോ കാസ്‌ട്രോ റസ് എന്ന ഫിദറല്‍ കാസ്‌ട്രോയുടെ ജനനം. സ്‌പെയിനില്‍ നിന്ന് കുടിയേറിയ ധനിക കര്‍ഷ കുടുംബത്തിലാണ് ഫിദല്‍ ജനിച്ചത്. അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന ക്യൂബന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ 1947ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ അംഗമായി ചേര്‍ന്ന ഫിദലിനു മുമ്പില്‍ പോരാട്ടങ്ങളുടെ കനല്‍വഴി രൂപപ്പെട്ടു.
യു എസ് പിന്തുണയോടെയുള്ള ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന് 53ല്‍ അറസ്റ്റിലായെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം മോചിപ്പിക്കപ്പെട്ടു. പതിനഞ്ച് വര്‍ഷത്തെ തടവാണ് വിധിച്ചതെങ്കിലും പൊതു മാപ്പ് ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. മോചനത്തിനു ശേഷം ഏണസ്റ്റോ ചെഗുവേര, സഹോദരന്‍ റൗള്‍ കാസ്‌ട്രോ തുടങ്ങിയവര്‍ക്കൊപ്പം ഗറില്ലാ ആക്രമണത്തിലൂടെ ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിച്ച് ക്യൂബയെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കാക്കി മാറ്റി. ഇതോടെ ക്യൂബയിലെ മാത്രമല്ല ലാറ്റിന്‍ അമേരിക്കയുടെ തന്നെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പ്രതീകമായി ഫിദല്‍ മാറി.
1959ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ കാസ്‌ട്രോയെ 76ല്‍ പ്രസിഡന്റായി ക്യൂബയുടെ ദേശീയ അസംബ്ലി തിരഞ്ഞെടുത്തു. 59 മുതല്‍ 2008 വരെ 49 വര്‍ഷം ഫിദറല്‍ കാസ്‌ട്രോ ക്യൂബയുടെ ഭരണാധികാരിയായിരുന്നു.
ആറ് തവണയാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് 2008ല്‍ അധികാരം റൗള്‍ കാസ്‌ട്രോക്ക് കൈമാറുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ദീര്‍ഘകാലം അധികാരത്തിലിരുന്ന രാജകുടുംബാംഗമല്ലാത്ത നേതാവാണ് ഫിദല്‍.
ക്യൂബയിലെ വിപ്ലവത്തിനു ശേഷം വിവിധ സോഷ്യലിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങള്‍ ലയിച്ച് 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ ഫിദല്‍ കാസ്‌ട്രോയായിരുന്നു ഫസ്റ്റ് സെക്രട്ടറി. 2011ലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനു ശേഷം, ക്യൂബയില്‍ നടന്നത് മാക്‌സിസ്റ്റ്- ലെനിനിസ്റ്റ് ആശയത്തിലുള്ള വിപ്ലവമാണെന്നും സോവിയറ്റ് യൂനിയന്റെ സഖ്യരാഷ്ട്രമാണ് ക്യൂബയെന്നും വ്യക്തമാക്കി.
യു എസ് ചാരസംഘടനയായ സി ഐ എ 638 വധശ്രമങ്ങളാണ് ഫിദലിനു നേരെ നടത്തിയത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ മാര്‍ച്ചില്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ കൂടിക്കാഴ്ചക്ക് ഫിദല്‍ തയ്യാറായിരുന്നില്ല. 88 വര്‍ഷങ്ങള്‍ക്കും ശേഷമായിരുന്നു യു എസ് പ്രസിഡന്റിന്റെ ക്യൂബ സന്ദര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തി. ഒരു യുഗത്തിന്റെ പ്രതീകമാണ് ഫിദല്‍ കാസ്‌ട്രോയെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിന്‍ പറഞ്ഞു.