ക്വാറി ഉടമകളും സര്‍ക്കാറും ഒത്തുകളിക്കുന്നു

Posted on: November 26, 2016 6:38 am | Last updated: November 25, 2016 at 11:42 pm

supreme-courtന്യൂഡല്‍ഹി: കരിങ്കല്‍ ക്വാറി കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാറും ഒത്തുകളിക്കുകയാണെന്ന് പറഞ്ഞ കോടതി, മിക്ക സംസ്ഥാനങ്ങളിലും സമാന സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി.

അഞ്ച് ഹെക്ടറിന് താഴെയുള്ള ക്വാറികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനത്തെ മൂന്ന് ക്വാറി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. 2015ല്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ പ്രകാരം ലൈസന്‍സ് മൂന്ന് തവണ പുതുക്കി നല്‍കുന്നതിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് ക്വാറി ഉടമകള്‍ വാദിച്ചു. പുതിയ പെര്‍മിറ്റുകള്‍ക്ക് മാത്രമാണ് പരിസ്ഥിതി അനുമതി നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്ന ക്വാറി ഉടമകളുടെ വാദത്തെ പിന്തുണച്ച് സര്‍ക്കാറും രംഗത്തെത്തി.

എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനോട് അനുകൂലമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, പാരിസ്ഥിതിക പഠനം നടത്താതെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ദീപക് കുമാര്‍ കേസിലെയും പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ പാറമട ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലേയെന്ന് കോടതി ഓര്‍മിപ്പിച്ചു.
പാരിസ്ഥിതിക അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ എല്ലാ കാലത്തും അത് ആവര്‍ത്തിക്കപ്പെടുമെന്നും സംസ്ഥാന സര്‍ക്കാറും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണെന്നും ഈ കേസില്‍ അനുമതി നല്‍കിയാല്‍ നാളെ മറ്റു സംസ്ഥാനങ്ങളും ക്വാറി ഉടമകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ പാരിസ്ഥിതിക പ്രത്യാഘാത അതോറിറ്റിയുടെ നിലപാട് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. അഞ്ച് ഹെക്ടറിന് താഴെയുള്ള ക്വാറികള്‍ക്കും സംസ്ഥാന പ്രത്യാഘാത അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വീണ്ടും വാദം കേള്‍ക്കാന്‍ കേസ് വെള്ളിയാഴ്ചക്ക് മാറ്റി.