രാംദേവിന്റെ ആശ്രമത്തില്‍ ആന ചെരിഞ്ഞ സംഭവം; കേസെടുത്തു

Posted on: November 25, 2016 5:37 am | Last updated: November 25, 2016 at 12:39 am

elephants-accidentally-fell-into-pit_54922fbc-b242-11e6-a440-4c379adbb6c0ഗുവാഹത്തി: അസാമില്‍ ബാബാ രാംദേവിന്റെ ഹെര്‍ബല്‍ ആന്‍ഡ് ഫുഡ്പാര്‍ക്കില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ അസാം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. തേജ്പൂര്‍ ജില്ലയിലെ പതഞ്ജലി യൂനിറ്റിന് വേണ്ടി നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തെ കുഴിയിലേക്ക് പിടിയാനയും കൊമ്പനാനയും കുട്ടിയും വീഴുകയായിരുന്നു. കൊമ്പനാന തിരികെ കയറിയെങ്കിലും കുഴിയില്‍ അകപ്പെട്ട പിടിയാനയെയും കുട്ടിയെയും അധികൃതരെത്തിയാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ പിടിയാന അന്ന് രാത്രി ചെരിഞ്ഞു. കുട്ടിയാനെ കാശിരംഗ നാഷനല്‍ പാര്‍ക്കിലേക്ക് തുടര്‍ ചികിത്സക്കായി മാറ്റുകയായിരുന്നു.

സ്വാഭാവിക അപകടമായി ഇതിനെ കാണാനാകില്ലെന്നാണ് പോലീസ് നിഗമനം. കേസ് രജിസ്റ്റര്‍ ചെയ്യാനും ആനയുടെ മരണത്തിന് കാരണമെന്താണെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടതായും വനം മന്ത്രി പ്രമീള റാണി ബ്രാമ പറഞ്ഞു. സംഭവത്തില്‍ അപരിചിതന് പങ്കുണ്ടെന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിനായി പ്രദേശത്ത് നിരവധി കുഴികള്‍ കുഴിച്ചതായും മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.