ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍

Posted on: November 25, 2016 6:30 am | Last updated: November 25, 2016 at 12:07 am
അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങള്‍ ഗോള്‍ നേട്ടം                  ആഘോഷിക്കുന്നു
അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങള്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്നു

ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, നാപ്പോളി ടീമുകള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്‌കോട്ടിഷ് ലീഗില്‍ അജയ്യരായി കുതിപ്പ് തുടരുന്ന സെല്‍റ്റിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ പ്രീ ക്വാര്‍ട്ടറിലെത്തിയത്. പി എസ് വിയെ 2-0ത്തിന് കീഴടക്കി അത്‌ലറ്റിക്കോയും അവസാന പതിനാറില്‍ ഇടം പിടിച്ചു.
കളം നിറഞ്ഞുകളിച്ച സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇരു ഗോളുകളും പിറന്നത് മെസിയുടെ ബൂട്ടില്‍നിന്നുതന്നെ. തോല്‍വിയോടെ സെല്‍റ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.

മത്സരത്തിന്റെ 24ാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. സെല്‍റ്റിക് പ്രതിരോധ നിരക്കാരുടെ മുകളിലൂടെ നെയ്മര്‍ ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിയ പന്ത് ഓടിക്കയറിയ മെസി വലയിലെത്തിച്ചു. താരത്തെ മാര്‍ക്ക് ചെയ്യാനായി നിലയുറപ്പിച്ച സെല്‍റ്റിക്ക് പ്രതിരോധ നിരക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 55ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. സുവാരസിനെ സെല്‍റ്റിക് താരം ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ബാഴ്‌സക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ മെസിയുടെ ഗോള്‍ നേട്ടം ഇതോടെ ഒമ്പതായി. ലാലിഗയില്‍ കഴിഞ്ഞ ദിവസം മലാഗയോട് സമനില വഴങ്ങിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. അസുഖം ഭേദമായി മെസിയും സുവാരസും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ബാഴ്‌സ പഴയ ബാഴ്‌സയായി. ഗ്രൂപ്പ് സിയില്‍ ഒന്നാമതുള്ള ബാഴ്‌സക്ക് അഞ്ച് മത്സരങ്ങളില്‍നിന്ന് 12 പോയിന്റാണുള്ളത്.
അത്‌ലറ്റിക്കോ മാഡ്രിഡിനെ ആദ്യ പകുതിയില്‍ തളച്ചിടാനായെങ്കിലും രണ്ടാം പകുതിയില്‍ ആ മികവ് നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ് പി എസ് ജിയുടെ തോല്‍വിക്ക് കാരണം. 55ാം മിനുട്ടില്‍ കെവിന്‍ ഗമേറിയോയാണ് അത്‌ലറ്റിക്കോക്കായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 66ാം മിനുട്ടില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ രണ്ടാം ഗോള്‍ സ്വന്തമാക്കി. 15 പോയിന്റുമായി അത്‌ലറ്റിക്കോ ഡി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഒമ്പത് പോയിന്റുള്ള ബയേണ്‍ മ്യൂണിക്ക് രണ്ടാമതാണ്.

രണ്ട് സെല്‍ഫ് ഗോളുകള്‍ പിറന്ന മറ്റൊരു മത്സരത്തില്‍ പി എസ് ജിയും അത്‌ലറ്റിക്കോയും 2- 2ന് സമനിലയില്‍ പിരിഞ്ഞു. 18ാം മിനുട്ടില്‍ എഡിന്‍സണ്‍ കവാനിയിലൂടെ പി എസ് ജിയാണ് ആദ്യം വലകുലുക്കിയത്. ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഒലിവര്‍ ജിറൂദിന്റെ ഗോളില്‍ ഗണ്ണേഴ്‌സ് സമനില പിടിച്ചു. 60ാം മിനുട്ടില്‍ മാര്‍ക്കോ വെരാട്ടിയുടെ സെല്‍ഫ് ഗോളില്‍ ഗണ്ണേഴ്‌സ് വീണ്ടും മുന്നില്‍. 77ാം മിനുട്ടില്‍ ആഴ്‌സണല്‍ താരം അലക്‌സ് ഇവോബിയുടെ സെല്‍ഫ് ഗോളില്‍ ഫ്രഞ്ച് വമ്പന്‍മാര്‍ തോല്‍വി ഒഴിവാക്കി. ഗ്രൂപ്പ് എയില്‍ 11 പോയിന്റുള്ള പി എ ജി ഒന്നാം സ്ഥാന ത്തും ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുമാണ്.

ബൊറൂസിയ ഗ്ലാഡ്ബാചിനോട് മാഞ്ചസ്റ്റര്‍ സിറ്റി സമനില കൊണ്ട് രക്ഷപ്പെട്ടു. 23ാം മിനുട്ടില്‍ റാഫേലിന്റെ ഗോളില്‍ ഗ്ലാഡ്ബാചാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഒന്നാം പകുതിയുടെ അവസാനം ഡേവിഡ് സില്‍വ സിറ്റിക്കായി സമനിലഗോള്‍ നേടി. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുകള്‍ മാത്രമുള്ള സിറ്റി ബാഴ്‌സലോണക്ക് പിന്നില്‍ രണ്ടാമതായാണ് നോട്ടൗട്ട് സ്റ്റേജില്‍ പ്രവേശിച്ചത്.

ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണല്‍, ലെസ്റ്റര്‍സിറ്റി, സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ജര്‍മന്‍ ടീമുകളായ ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോട്മുണ്ട്, ബയെര്‍ ലെവര്‍കൂസന്‍, ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ്, ഫ്രഞ്ച് കരുത്തരായ പാരിസ് സെയിന്റ് ജെര്‍മെയ്ന്‍ ടീമുകള്‍ നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു.