Connect with us

Articles

ഏക സിവില്‍കോഡ് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല

Published

|

Last Updated

ഇന്ത്യക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്. ലോക രാജ്യങ്ങളെയൊക്കെ വിസ്മയിപ്പിക്കുന്ന വിവിധ സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും കേന്ദ്രമാണ് ഇന്ത്യ. എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും പരിഗണിക്കാനും ഉള്‍കൊള്ളാനും ചരിത്രാതീത കാലം മുതലേ ഇന്ത്യയുടെ ചെറുതും വലുതുമായ പ്രദേശങ്ങളില്‍ ഭരണം നടത്തിയിരുന്ന വര്‍ ശ്രമിച്ചിരുന്നു. ആ മഹത്തായ പൈതൃകമാണ് പിന്നീടും ഇന്ത്യയില്‍ തുടര്‍ന്നത്. അവരൊക്കെ അവതരിപ്പിച്ചത് സഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും അനുപമമായ മാതൃകകളായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ജൈനന്മാരും ബുദ്ധമതക്കാരും കൃസ്ത്യാനികളും എല്ലാം അവരുടെ മതത്തിന്റെ ആചാരങ്ങള്‍ സ്വതന്ത്രമായും നിര്‍ഭയമായും അനുഷ്ഠിച്ച് ആ കാലഘട്ടങ്ങളില്‍ ജീവിച്ചു.

ഇസ്‌ലാമിക ശരീഅത്ത് മുസ്്‌ലിംകളുടെ ജീവിത വ്യവസ്ഥയെ സമ്പൂര്‍ണമായി നിര്‍വചിക്കുന്ന ഒന്നാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രം മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ ഏറ്റവും സൂക്ഷ്മമായി എങ്ങനെ നിര്‍വഹിക്കണമെന്ന് നിര്‍വചിക്കുന്നുണ്ട്. നാല് മദ്ഹബുകളില്‍ ഏതെങ്കിലും ഒന്ന് പ്രകാരം മതപരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരാണ് മുസ്്‌ലിംകള്‍. മുസ്‌ലിംകള്‍ അഭിലഷിക്കുന്നത് അവരുടെ വിശ്വാസ ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ്. ഇന്ത്യന്‍ ഭരണഘടന തീര്‍ച്ചയായും ആ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക് നല്‍കുന്നുമുണ്ട്. ഇത് പോലെ എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ ആചാരങ്ങള്‍ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്രമുണ്ട്. ഭരണഘടന നല്‍കുന്ന വ്യക്തി നിയമങ്ങള്‍ ഹിന്ദുക്കള്‍ക്കും പാര്‍സികള്‍ക്കുമെല്ലാമുണ്ട്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ വൈവിധ്യത്തെ അംഗീകരിക്കുന്ന നിയമവ്യവസ്ഥയെ തകിടം മറിച്ച് ഏകശിലാത്മകമായ ഒരു സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അപകടകരമാണ്. പക്ഷേ, ഭരണഘടന തന്നെ നല്‍കുന്ന പരിരക്ഷയും വിശ്വാസികളുടെ കൂട്ടമായ പ്രതിഷേധവും കാരണമായി അത്തരം നിയമങ്ങള്‍ കൊണ്ടു വരാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. നിലവില്‍ ഇന്ത്യ ഭരിക്കുന്ന ഗവണ്‍മെന്റിന്റെ ചില നയങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ ബഹുസ്വര സംവിധാനങ്ങളെ പതിയെ ഇല്ലാതാക്കാന്‍ പോകുന്നു എന്നാണ്. ദേശീയ നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി അത്തരം ഒരു ഉദ്യമത്തിന്റെ ഭാഗമാണെന്നാണ് വലിയൊരു വിഭാഗം നിയമജ്ഞരും മത പണ്ഡിതന്‍മാരും കരുതുന്നത്. ഈ ചോദ്യാവലിയെ തിരസ്‌കരിക്കാന്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളും നേരത്തെ തീരുമാനിച്ചത് ഈ അടിസ്ഥാനത്തിലാണ്.

ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതിനുള്ള ന്യായമായി പറയുന്ന പ്രധാന കാരണങ്ങള്‍ ഒന്ന് ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ അങ്ങിനെ പറയുന്നുണ്ട് എന്നതാണ്. നിര്‍ദേശക തത്വങ്ങളിലെ പല നിര്‍ദേശങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. അതു തന്നെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ മൗലിക അവകാശത്തിനു എതിരുമാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടിയാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് എന്നതാണ് മറ്റൊരു വാദം. ഈ വാദവും ശരിയല്ല. നിര്‍ദേശക തത്വങ്ങളിലെ മറ്റു നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നും അവ നടപ്പിലാക്കാന്‍ സര്‍ക്കാറുകള്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്നും പരിശോധിച്ചു നോക്കിയാല്‍ മതി. മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കലല്ല, മറിച്ച് ന്യൂനപക്ഷങ്ങള്‍ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങളെ എടുത്തുകളയാന്‍ ആരോ ആഗ്രഹിക്കുന്നതായി തോന്നുന്നുണ്ട്. ഇന്ത്യയിലെ ആകെ സ്ത്രീകളില്‍ 10 ശതമാനമാണ് മുസ്‌ലിം സ്ത്രീകള്‍. ബാക്കി വരുന്ന 90 ശതമാനത്തിനടുത്തുള്ള സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ടോ?

ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രത്യേകിച്ചും സ്ത്രീകള്‍ക്കു നീതി ഉറപ്പു വരുത്താന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഭരണഘടനയുടെ ഇതേ നിര്‍ദേശക തത്വങ്ങളില്‍ ഉണ്ട്. സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുക, ഒരേ ജോലിക്കു ഒരേ പ്രതിഫലം നല്‍കുക, തൊഴില്‍ മേഖലകളിലെ ചൂഷണം അവസാനിപ്പിക്കുക, മദ്യം നിരോധിക്കുക, കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക, പൊതുജനാരോഗ്യം ഉറപ്പു വരുത്തുക എന്നിയവയാണവ. മുഴുവന്‍ ജനങ്ങള്‍ക്കും നീതി ഉറപ്പുവരുത്താന്‍ സഹായകമായ പലതും പൂര്‍ണമായി നടപ്പില്‍ വരുത്താന്‍ സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഏകസിവില്‍ കോഡ് എന്ന തര്‍ക്കവിഷയവുമായി രംഗത്ത് വരുന്നത് ദുരൂഹമല്ലേ?

പോഷകാഹാരം ഇല്ലാത്തതിനാല്‍ ധാരാളം ആളുകള്‍ മരിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജീവിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിന്റെ ഒരു ശതമാനം പോലും വരില്ല മുസ്‌ലിംകള്‍ക്കിടയിലെ വിവാഹ മോചിതരായ സ്ത്രീകളുടെ എണ്ണം. സ്ത്രീകളുടെ പ്രയാസങ്ങള്‍ പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍, ഈ രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളെയും ബാധിക്കുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. അവര്‍ക്കു സുരക്ഷിതമായി ജീവിക്കാനും പഠിക്കാനും ജോലി ചെയ്യാനും മാന്യമായ വേതനം കിട്ടാനും ആവശ്യമായ സാഹചര്യം ഒരുക്കണം. ആശുപത്രികളിലെ സ്ത്രീ വാര്‍ഡുകളില്‍ ആവശ്യമായ മരുന്നും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.

ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളടക്കം എല്ലാവരെയും സമുദ്ധരിക്കാന്‍ ശ്രമിക്കണം. ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിക്കണം. മുത്വലാഖ് നിരുത്സാഹപ്പെടുത്താന്‍ മതനേതാക്കള്‍ രംഗത്ത് വരണം. അനിവാര്യഘട്ടങ്ങളില്‍ മുത്വലാഖ് ആകാമെന്ന് മാത്രമെ നാം പറയുന്നുള്ളൂ. ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ കണിശമായി നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തുല്യത ഉറപ്പുവരുത്താന്‍ എല്ലാവരും ഉത്സാഹിക്കണം. മുസ്‌ലിംകള്‍ക്കും മറ്റ് മതക്കാര്‍ക്കും നീതി ഉറപ്പ് വരുത്തണം.
ഏകസിവില്‍കോഡ് ഇന്ത്യയിലെ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയുടെ വൈവിധ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പ്രശ്‌നമാണ്. അതിനെ മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങള്‍ എല്ലാ മതവിശ്വാസികളും തിരിച്ചറിയുകയും നിയമവിധേയമായി പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. ഐക്യം ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇന്ത്യയില്‍ ഏകസിവില്‍കോഡ് പാടില്ല എന്നത് യു എന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ നിര്‍ദേശം കൂടിയാണ്. പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് നന്നായി പഠിക്കണം. അവകാശങ്ങള്‍ ഹനിക്കാതെ ശ്രദ്ധിക്കണം, നിലവിലുള്ള അവകാശങ്ങള്‍ വക വെച്ച് നല്‍കാത്ത പക്ഷം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും.

ഇന്ന് കോഴിക്കോട്ട് മാനവരക്ഷാ സമ്മേളനം നടക്കുകയാണ്. ഇത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മതപരമായ ജീവിതം സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമ്മേളനമാണ്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും നിലനില്‍ക്കണം. അതിന് വേണ്ടി എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടത് ആത്മാര്‍ഥതയോടെയാവണം.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ