നോട്ട്: സഭ പ്രക്ഷുബ്ധം; പ്രധാനമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു

Posted on: November 24, 2016 5:49 pm | Last updated: November 24, 2016 at 9:29 pm

rajya_sabha_opposition_well_650x400_636155936600855204ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിവാദം പാര്‍ലിമെന്റിന് അകത്തും പുറത്തും രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. വ്യാഴാഴ്ച രാത്രിയാണ് യോഗം ചേരുന്നത്. നോട്ട് വിഷയം ഇന്നും പാര്‍ലിമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു. പ്രധാനമന്ത്രി കുറച്ച് സമയം പാര്‍ലിമെന്റ് നടപടികളില്‍ പങ്കെടുത്തുവെങ്കിലും പ്രസ്താവന നടത്താന്‍ തയ്യാറായില്ല.

ഇന്ന് രാവിലെ സഭ ചേര്‍ന്നയുടന്‍ തന്നെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി സഭയില്‍ ഹാജരായില്ല. പ്രധാനമന്ത്രി ഉടന്‍ സഭയില്‍ എത്തുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രധാനമന്ത്രി സഭയില്‍ എത്തി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തത്.