Connect with us

Malappuram

മഅ്ദിന്‍ ലൈഫ്‌ലോംഗ് ലേണിംഗ് സെന്റര്‍ ദേവഗൗഡ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മലപ്പുറം: മഅദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ലൈഫ്‌ലോംഗ് ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഇന്ന് വൈകുന്നേരം മൂന്നിന് സ്വലാത്ത് നഗറില്‍ നിര്‍വ്വഹിക്കും.
പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ അടിസ്ഥാനമാക്കാതെ വിവിധ തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുകയും വരുമാനം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന പഠന-പരിശീലന പരിപാടികളാണ് സെന്ററിനു കീഴില്‍ നടപ്പാക്കുക. വ്യത്യസ്ത കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സഹായകമാകുന്ന പദ്ധതിയില്‍ കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, എം എല്‍ എമാരായ കെ. കൃഷ്ണന്‍ കുട്ടി, എ പി അനില്‍ കുമാര്‍, സി കെ നാണു, ബി എം ഫാറൂഖ് ബംഗളൂരു, തിരുപ്പതി ശ്രീ വെങ്കടേശ്വര യൂനിവേഴ്‌സിറ്റി റെക്ടര്‍ പ്രഫ. എം ഭാസ്‌കര്‍, മഅ്ദിന്‍ അക്കാദമിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. ഹുസൈന്‍ രണ്ടത്താണി സംബന്ധിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സ്വലാത്ത് ആത്മീയ സംഗമത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.

Latest