Connect with us

National

കശ്മീരില്‍ പാക് വെടിവെപ്പ്: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരില്‍ പാകിസ്താന്‍ സേന നടത്തിയ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ രജൗറി സെക്ടറില്‍ ഞായറാഴ്ച രാത്രിയാണ് വെടിവെപ്പ് നടന്നത്. നൗഷേര സെക്ടറിലുണ്ടായ വെടിവെപ്പില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

24 മണിക്കൂറിനുള്ളില്‍ നടന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കിയതായി സൈനിക വടക്കന്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു എല്ലാ ആക്രമണങ്ങളും.

പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം 286 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതുവരെ 14 ജവാന്‍മാര്‍ ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.