തൊഴിലുറപ്പ് പദ്ധതി നാടിന് ഉപകരിക്കണം

Posted on: November 21, 2016 9:05 am | Last updated: November 21, 2016 at 9:05 am

രാജ്യത്തെ രൂക്ഷമായ വരള്‍ച്ചയും ഫണ്ടിന്റെ അഭാവവും തൊഴിലുറപ്പ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരമായി കഴിഞ്ഞ യു പി എ സര്‍ക്കാറാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാഭ്യാസം, പ്രായം, എഴുത്തു പരീക്ഷ, അഭിമുഖം, എന്നിവയൊന്നും ബാധകമല്ലാത്തതും ഏതൊരു പൗരനും സര്‍ക്കാറില്‍ നിന്ന് നൂറ് ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതുമെന്ന നിലയില്‍ പദ്ധതി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതുമാണ്. പദ്ധതി ആരംഭിച്ച് ഏറെ കഴിയുന്നതിന് മുമ്പേ വിമര്‍ശവും ഉയര്‍ന്നു വന്നു. ഓരോ വര്‍ഷവും വന്‍ തുകയാണ് ഇതിനായി നീക്കിവെക്കുന്നത്. എന്നാല്‍ കൃത്യമായ ആസൂത്രണവും അവലോകനവുമില്ലാത്തത് മൂലം ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. ഫണ്ട് ചെലവഴിക്കുന്നതിന് കൃത്യമായ രേഖകളില്ല. ഇത് അഴിമതിക്ക് വഴിവെക്കുകയും ദാരിദ്ര്യ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇങ്ങനെ തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് പദ്ധതിക്കെതിരെ ഉയര്‍ന്നത്. സി ഐ സി എ ജി റിപ്പോര്‍ട്ടില്‍ വന്നതാണ് ഇതിലേറെയും.
കഴിഞ്ഞ ബജറ്റില്‍ 43.499 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. ഇതില്‍ 36,134 കോടിയും പദ്ധതിക്കായി ലഭ്യമാക്കുകയും 12,591 കോടിക്ക് ഗ്രാമീണ മന്ത്രാലയം ക്ലിയറന്‍സ് നല്‍കിക്കഴിഞ്ഞു എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഈ തുക പരിമിതമാണെന്നും 10,000 കോടി രൂപ കൂടി അനുവദിച്ചെങ്കില്‍ മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നുമാണ് ഗ്രാമീണ മന്ത്രാലയം പറയുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളും വരള്‍ച്ചാ ബാധിതമായി തുടരുന്നതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തുക പ്രയാസകരമായിരിക്കയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ജല സംരക്ഷണം, കൃഷിക്ക് മണ്ണൊരുക്കല്‍, ജലസേചനം എന്നിവയാണ് പദ്ധതിയില്‍ തുടക്കത്തില്‍ വിഭാവനം ചെയ്തിരുന്ന തൊഴിലുകള്‍. ഇതിന്റെ ഭാഗമായി തടയണകള്‍, കനാലുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവയുടെ നിര്‍മാണങ്ങളും പുനരുദ്ധാരണവും നിര്‍വഹിച്ചു വന്നു. എന്നാല്‍ രൂക്ഷമായ വരള്‍ച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവുകയാണ് പല പ്രദേശങ്ങളിലും.
മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുത്തുന്നതും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. നേരത്തെ അഞ്ച് ഏക്കര്‍ വരെ കൃഷിയിടമുള്ള കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു. ഇതുമൂലം പദ്ധതിയിലെ അംഗങ്ങള്‍ക്ക് ആവശ്യാനുസരണം തൊഴില്‍ ലഭ്യവുമായിരുന്നു. ഇപ്പോള്‍ അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകരുടെ കൃഷിഭൂമിയില്‍ പദ്ധതിക്ക് കീഴിലുള്ള തൊഴിലുകള്‍ നിര്‍ത്തലാക്കിയിരിക്കയാണ്. ഇതോടെ തൊഴിലവസരം കുറയുകയും അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു. അപേക്ഷിച്ചാല്‍ പതിനഞ്ച് ദിവസത്തിനകം തൊഴില്‍ എന്നായിരുന്നു പദ്ധതിയുടെ ഒരു സവിശേഷതയായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ അപേക്ഷിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും തൊഴില്‍ ലഭിക്കാത്തവര്‍ ഏറെയാണ്. ഇത് അംഗങ്ങളുടെ വരുമാനത്തില്‍ കുറവ് വരുത്തുന്നതിന് പുറമെ പെന്‍ഷന്‍ പോലെയുള്ള ആനുകൂല്യങ്ങളെയും ബാധിക്കും.
റോഡരികിലെ പുല്ല് ചെത്തലും പൊന്തക്കാടുകള്‍ വെട്ടലുമായിരുന്നു കുറേകാലത്തോളം കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ പുല്ല് ചെത്താന്‍ പോലും പദ്ധതി ഉപയോഗപ്പെടുത്തിയിരുന്നു. ഇതുകൊണ്ട് കുറേ പേര്‍ക്ക് തൊഴിലും ചെറിയ തോതിലുള്ള വരുമാനവും ലഭിക്കുമെന്നല്ലാതെ നാടിന്റെ പുരോഗതിക്ക് ഉപയോഗപ്രദമായിരുന്നില്ല പദ്ധതി. രാജ്യത്തിന്റ പൊതുപണം മുടക്കി തൊഴില്‍ സൃഷ്ടിക്കുമ്പോള്‍ അത് നാടിനും ജനങ്ങള്‍ക്കും കൂടി പ്രയോജനകരമായിരിക്കണം. ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന തൊഴിലുറപ്പ് പദ്ധതികള്‍ ഉത്പാദന മേഖലക്ക് ഊന്നല്‍ നല്‍കുന്നതും 60 ശതമാനമെങ്കിലും കാര്‍ഷിക മേഖലക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നതായിരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതനുസരിച്ചാണ് പിന്നീട് കാര്‍ഷിക വൃത്തികള്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ചെറുകിട കര്‍ഷകരുടെ ഭൂമിയിലെ ജോലികള്‍ക്ക് അനുമതിയുണ്ടെങ്കിലേ ഇത് പ്രതീക്ഷിച്ച ഗുണം ചെയ്യുകയുള്ളു.
പ്രത്യുത്പാദനപരമല്ല എന്ന കാരണത്താല്‍ തൊഴിലുറപ്പ് പിന്നാക്ക ബ്ലോക്കുകളില്‍ മാത്രമായി പരിമിതിപ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. രാജ്യത്താകെ 6,603 ബ്ലോക്കുകളാണുള്ളത്. നിലവില്‍ പിന്നാക്ക ബ്ലോക്കുകളുടെ എണ്ണം 2,478 ആണ്. അതിനിടെ പിന്നാക്ക ബ്ലോക്കുകളുടെ പുനര്‍നിര്‍ണയത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ 500 എണ്ണം കൂടി പുറത്തു പോകുകയും പിന്നാക്ക ബ്ലോക്കുകളുടെ എണ്ണം 1,900ന് താഴെയായി ചുരുങ്ങുകയും ചെയ്യും. അതോടെ തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന്റെ മൂന്നിലൊന്ന് പ്രദേശത്തായി ചുരുങ്ങും. രാജ്യത്ത് തൊഴിലവസരങ്ങള്‍ ഗണ്യമായി ചുരുങ്ങുകയും തൊഴിലാളികളുടെ ലഭ്യതക്കുറവ് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തില്‍ പദ്ധതിപ്രദേശത്തിന്റെ അളവില്‍ ഇത്രയും ഗണ്യമായ കുറവ് വരുത്തല്‍ ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച നിരവധി കുടുംബങ്ങളെ പ്രയാസത്തിലാക്കും. പദ്ധതി കാര്യക്ഷമവും പ്രത്യുത്പാദനപരവുമാക്കിയും അഴിമതിക്കുള്ള പഴുതുകള്‍ അടച്ചും എല്ലാ പ്രദേശങ്ങളിലും നിലനിര്‍ത്തുകയാണ് വേണ്ടത്. ഇതിന് സഹായകമായ രീതിയില്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ട്.